ദുബൈയിൽ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു
text_fieldsദുബൈ: നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു. ദുബൈയിലെ പൊതു പാർക്കിങ് നിയന്ത്രിക്കുന്ന കമ്പനിയായ ‘പാർക്കിൻ’, ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണ കരാറനുസരിച്ച് വിവിധ സ്ഥലങ്ങളിലെ പാർക്കിങ് നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കും. വിവിധ ഘട്ടങ്ങളായാണ് പുതിയ പാർക്കിങ് സ്ഥലങ്ങൾ സംവിധാനിക്കുക. ഏതെല്ലാം താമസ കേന്ദ്രങ്ങളിൽ പെയ്ഡ് പാർക്കിങ് സംവിധാനം ആരംഭിക്കുമെന്നത് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
നഗരത്തിൽ പാർക്കിങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ‘പാർക്കിൻ’ വയക്തമാക്കിയിട്ടുണ്ട്. ദുബൈ ഹോൾഡിങുമായുള്ള സഹകരണം ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും സന്ദർശകരുടെയും താമസക്കാരുടെയും ദൈനംദിന യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ കമ്മ്യൂണിറ്റികളിൽ കമ്പനിയുടെ നിയന്ത്രണത്തിലുള്ള പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ 50,400 ആകും. ഇത് നിലവിലെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെ വരും.
കമ്പനിയുടെ വിപുലീകരണ തന്ത്രത്തിലെ ഒരു നാഴിക്കല്ലാണ് ദുബൈ ഹോൾഡിങുമായുള്ള സഹകരണമെന്നും ദുബൈയുടെ തുടരുന്ന വികസനത്തെ സഹായിക്കുന്നതിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ ഇത് അടയാളപ്പെടുത്തുന്നുവെന്നും ‘പാർക്കിൻ’ ചീഫ് എക്സി. മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.
എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ സർക്കാർ ‘പാർക്കിൻ’ കമ്പനി രൂപപ്പെടുത്തിയത്. എമിറേറ്റിൽ നിലവിൽ തന്നെ രണ്ട് ലക്ഷത്തിലധികം പാർക്കിങ് സ്ഥലങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്. പൊതു പാർക്കിങ്, പൊതു മൾടി സ്റ്റോറി കാർ പാർക്കിങ്, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ചില സമയങ്ങളിൽ പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്നും അറിയിച്ചു. പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും(ഐ.എ.സി.എ.ഡി) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറനുസരിച്ചണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

