സ്വകാര്യ മേഖലയിൽ 29,000 തൊഴിൽ നിയമലംഘനങ്ങൾ പിടികൂടി
text_fieldsദുബൈ: കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ 29,000 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2024ൽ സ്വകാര്യ മേഖലയിലെ കമ്പനികളിൽ 6,88,000 പരിശോധനകൾ നടത്തിയതായും, ഇതിൽ 12,509 സ്ഥാപനങ്ങൾ തൊഴിൽ, ആരോഗ്യ, തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ നടത്തിയ 20 നിയമലംഘനങ്ങളും മന്ത്രാലയം കണ്ടെത്തി. തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്മെൻറ് നടത്തൽ, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കമ്പനികൾ അടച്ചുപൂട്ടൽ, വേതന സംരക്ഷണ സംവിധാനം(ഡബ്ല്യു.പി.എസ്) പാലിക്കുന്നതിൽ പരാജയപ്പെടൽ, തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങിയവയാണ് പിടികൂടിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്. തൊഴിൽ പരിശോധനകളിൽ നൂതന സംവിധാനങ്ങളും നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു തടസ്സങ്ങളില്ലെങ്കിൽ പരിശോധനകളെ കുറിച്ച് തൊഴിലുടമകളെയോ അവരുടെ പ്രതിനിധികളെയോ അറിയിക്കുക, കമ്പനിയുടെ രഹസ്യാത്മകത കാത്തുസൂക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയും സുതാര്യമായും ചുമതല നിർവഹിക്കുക തുടങ്ങിയവയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.
രാജ്യത്തെ തൊഴിൽ വിപണിയിൽ മൂന്നു ശതമാനമാണ് (നൂറു തൊഴിലാളികളിൽ മൂന്നുപേർ) ശരാശരി പരാതികൾ ലഭിക്കുന്നത്. അതോടൊപ്പം രാജ്യത്തെ തൊഴിൽ വിപണിയിൽ പ്രവേശിച്ച കമ്പനികളുടെ എണ്ണം 32.1ശതമാനം വർധിച്ചിട്ടുമുണ്ട്.
തൊഴിലാളികൾക്കുവേണ്ടിയുള്ള ഗൈഡൻസ് സെന്ററുകളുടെ എണ്ണത്തിൽ വലിയ വർധനവും കഴിഞ്ഞ വർഷം രേഖപ്പെടുത്തി. 2024ൽ യു.എ.ഇയിലുടനീളം സെന്ററുകളുടെ എണ്ണം 330 ആയി.
ഈ കേന്ദ്രങ്ങൾ 28 ലക്ഷം തൊഴിലാളികൾക്ക് സേവനങ്ങൾ നൽകിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കിയത്.
ജോലി സമയം, കരാർ അവകാശങ്ങൾ, ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന് വിവിധ ഭാഷകളിൽ ബോധവത്കരണവും പരിശീലന പരിപാടികളും സെന്റർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

