കഴിഞ്ഞ വർഷം ദുബൈയിൽ തുറന്നത് 29 പള്ളികൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം എമിറേറ്റിൽ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഔഖാഫ്) നിർമിച്ചത് 29 പള്ളികൾ. ദുബൈയിലെ 28 മേഖലകളിലായാണ് 250 ദശലക്ഷം ദിർഹം ചെലവ് വരുന്ന 29 പള്ളികൾ നിർമിച്ചത്. 29 പള്ളികളിലായി 24,000 പേർക്ക് ആരാധന നിർവഹിക്കാൻ സൗകര്യമൊരുങ്ങി. എമിറേറ്റിലെ ജനസംഖ്യ വർധനക്ക് അനുസരിച്ച് മതപരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഔഖാഫ് നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ. പുതുതായി തുറന്ന പള്ളികൾക്ക് പുറമെ ദുബൈയിലെ 37 പ്രദേശങ്ങളിലായി കൂടുതൽ പള്ളികൾ നിർമിക്കുന്നതിനായി 56 പ്ലോട്ടുകൾ ഈ വർഷം വകുപ്പ് അനുവദിച്ചിട്ടുണ്ട്. 36 പ്രദേശങ്ങളിലായി 53 പള്ളികളുടെ നിർമാണം നടന്നുവരുകയാണ്. 480 ദശലക്ഷം കോടി ദിർഹമാണ് ഇതിനായുള്ള ചെലവ്. ഈ പള്ളികളുടെ നിർമാണംകൂടി പൂർത്തിയാകുന്നതാടെ മൊത്തം ഉൾക്കൊള്ളാവുന്ന ആരാധകരുടെ എണ്ണം 32,000 ആയി മാറും.
പള്ളികളോടു ചേർന്ന് ആരാധകർക്കായി പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പള്ളി ഇമാമിനും മുഅദ്ദിനും പാർക്കിങ് റിസർവ് ചെയ്യാനായി ഔഖാഫിന് അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. ഇവർക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങളും അനുവദിക്കും. കഴിഞ്ഞ വർഷം പള്ളികൾക്ക് ചുറ്റും പുതിയ എം, എം.പി പാർക്കിങ് സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എമിറേറ്റിലെ പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ ആണ് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണ ചുമതല. 59 പള്ളികളുടെ 2100ലധികം പാർക്കിങ് സ്ഥലങ്ങൾ പാർക്കിന് കീഴിൽ പെയ്ഡ് പാർക്കിങ് ആയി മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

