എക്‌സ്‌പോ ഉദ്ഘാടന ചടങ്ങിന് 29 ഗ്ലോബൽ ടെലി അവാർഡുകൾ
text_fieldsഎക്‌സ്‌പോ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യം
ദുബൈ: ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020 ദുബൈ അവസാനിച്ച് രണ്ടുമാസം പിന്നിട്ടിട്ടും അംഗീകാരങ്ങളുടെ ഒഴുക്ക് നിലക്കുന്നില്ല.
ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ അഭിനന്ദിക്കപ്പെട്ട വിശ്വമേളക്ക് 29 ഗ്ലോബൽ ടെലി അവാർഡുകളാണ് ലഭിച്ചത്. പിശ്ചിമേഷ്യ, വടക്കനാഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിൽ ആദ്യമായെത്തിയ മേളയുടെ ഉദ്ഘാടന ചടങ്ങാണ് അവാർഡുകൾ വാരിക്കൂട്ടിയത്.
എക്‌സ്‌പോ ദുബൈ എക്‌സ്‌പ്ലോറർ ആപ് ഗോൾഡ് ടെലി അവാർഡും നേടി. ഉദ്ഘാടന ചടങ്ങിന് ഉപയോഗിച്ച ആർടിഫിഷ്യൽ ഇന്‍റലിജൻസ്, സിനിമാടോഗ്രഫി, സംഗീതം, നൃത്തം, മറ്റു പ്രകടനങ്ങൾ എന്നിവയെല്ലാം അവാർഡിന് കാരണമായി. വ്യത്യസ്ത കാറ്റഗറികളിൽ ലോകത്തെ മികച്ച പരിപാടിയായാണ് ഉദ്ഘാടന ചടങ്ങ് വിലയിരുത്തപ്പെട്ടത്.
2022ലെ ഏറ്റവും മികച്ച ഈവൻറ് പ്രൊഡക്ഷനുള്ള മറ്റൊരു അവാർഡും നേടി.
വിഡിയോ, ടെലിവിഷൻ മേഖലയിലെ ലോകോത്തര ഈവന്‍റുകളുടെ മികവിനെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും ടെലി അവാർഡുകൾ പ്രഖ്യാപിക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ സ്വീകരിച്ച ഈവന്‍റായ എക്സ്പോയുടെ ഉദ്ഘാടനം അദ്ഭുതകരമായ രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്.
എക്സ്പോ നഗരിയിലെ അൽ വസ്ൽ പ്ലാസയിൽ നടന്ന പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട പരിപാടികൾ ലോകത്തിന്‍റെ ഐക്യവും യു.എ.ഇയുടെ ചരിത്രവും ഭാവിയിലേക്കുള്ള മുന്നേറ്റവും അടയാളപ്പെടുത്തുന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇമ്മേഴ്‌സിവ് സൗണ്ട് ഇൻസ്റ്റലേഷനും ഏറ്റവും വലിയ ബ്ലെൻഡഡ് വിഡിയോ പ്രൊജക്ഷൻ ഇൻസ്റ്റലേഷനും ഇതിന്‍റെ ഭാഗമായിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ വലിയ സദസ്സിനുമുന്നിൽ നടന്ന ചടങ്ങ് 70ലക്ഷം പേരാണ് ഓൺലൈൻ വഴി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടത്.
എക്സ്പോക്ക് ലഭിക്കുന്ന അംഗീകാരങ്ങളിൽ വലിയ അഭിമാനമുണ്ടെന്ന് എക്സ്പോ 2020 ദുബൈ ഈവൻറസ് ആൻഡ് എന്‍റർടൈൻമെന്‍റ് ചീഫ് ഓഫിസർ താരിഖ് ഘോഷെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

