ഹസ്യാൻ ജലവിതരണ ശൃംഖല ശക്തമാക്കാൻ 28.9 കോടിയുടെ കരാർ
text_fieldsദുബൈ: എമിറേറ്റിൽ ജലവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 28.9 കോടി ദിർഹമിന്റെ നിർമാണ കരാർ നൽകി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ഹാസ്യാൻ വാട്ടർ പ്ലാന്റുമായി ബന്ധിപ്പിക്കുന്ന ജലവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് കരാർ. ലോകത്തിലെ ഏറ്റവും വലിയ കടൽവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിയാണ് ദീവയുടെ ഹാസ്യാൻ വാട്ടൽ പ്ലാന്റ് പദ്ധതി. സ്വതന്ത്ര ജല ഉൽപാദന മാതൃകക്ക് കീഴിൽ ദീവയാണ് പദ്ധതി വികസിപ്പിക്കുന്നത്. 1,200 മില്ലി മീറ്റർ വ്യാസവും 32 കിലോമീറ്റർ നീളവുമുള്ള പ്രധാന ജലവിതരണ ലൈനുകളുടെ വിതരണം, സ്ഥാപനം, പരിശോധന, കമീഷൻ ചെയ്യൽ എന്നിവയാണ് കരാറിൽ ഉൾപ്പെടുക.
ദുബൈയുടെ ജല സുരക്ഷ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ പദ്ധതികളിൽ ഒന്നാണ് ഹസ്യാൻ വാട്ടർ പ്ലാന്റ് എന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായ്ർ പറഞ്ഞു. യു.എ.ഇയുടെ ജല സുരക്ഷ സ്ട്രാറ്റജി 2036, ദുബൈ സംയോജിത ജല വിഭവ മാനേജ്മെന്റ് സ്ട്രാറ്റജി 2030 എന്നിവയെ പിന്തുണക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ജലവിതരണ ശൃംഖലയുടെ പ്രതിരോധ ശേഷിയും എമിറേറ്റിലെ ജനസംഖ്യ വർധന അനുസരിച്ച് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശേഷിയും ശക്തിപ്പെടുത്തും. കൂടാതെ ദീവയുടെ പ്രവർത്തനങ്ങളിൽ വരും തലമുറകൾക്ക് സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും കഴിയും. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ദുബൈയുടെ നൂതന ജലവിതരണ അടിസ്ഥാന സൗകര്യങ്ങളെ പദ്ധതി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

