ദുബൈയിൽ ടാക്സി സേവനം മികച്ചതാക്കാൻ 28 പദ്ധതികൾ
text_fieldsദുബൈ: ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ദുബൈയിൽ 28 പദ്ധതികൾ നടപ്പിലാക്കിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ടാക്സി സേവനങ്ങളിലും യാത്രക്കാരുടെ സൗകര്യങ്ങളിലും മറ്റു വിവിധ മേഖലകളിലുമാണ് പദ്ധതികളിലൂടെ പുരോഗതിയുണ്ടായിരിക്കുന്നത്. ടാക്സി ഉപയോക്താക്കൾ, ഡ്രൈവർമാർ, ഫ്രാഞ്ചൈസി കമ്പനികൾ എന്നിവക്കായാണ് പദ്ധതികൾ നടപ്പിലാക്കിയത്. ദുബൈയിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ആർ.ടി.എയുടെ നയത്തിന്റെ ഭാഗമായാണ് സംരംഭങ്ങൾ രൂപപ്പെടുത്തിയത്.
സുരക്ഷിതവും സുഖകരവും സുസ്ഥിരവുമായ യാത്രാ സവേനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണിത് നടപ്പിലാക്കിയത്. വാഹനങ്ങളുടെ വായുനിലവാരം വിലയിരുത്തുന്നതിന് മികച്ച സെൻസറുകൾ ഉപയോഗിക്കുക, ഓപറേഷൻ നിരീക്ഷണം ശക്തിപ്പെടുത്തുക, കാലാവസ്ഥക്ക് അനുയോജ്യമായ തുണികളിൽ ഡ്രൈവർമാരുടെ യൂനിഫോം നിർമിക്കുകയും ഓരോരുത്തർക്കും ആറെണ്ണം വീതം നൽകുകയും ചെയ്യുക, 80 ലക്ഷം ദിർഹമിലേറെ മൂല്യമുള്ള വാർഷിക ഇൻസെന്റിവും റിവാർഡുകളും സമ്മാനിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടും.
നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ച് സ്മാർട്ട് സിറ്റി ലക്ഷ്യത്തെ സഹായിക്കുന്ന നൂതനമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നത് തുടരുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. ഈ വർഷം മൂന്നാം പാദത്തോടെ പദ്ധതികളുടെ പൂർത്തീകരണം 89.8 ശതമാനം രേഖപ്പെടുത്തിയതായി ആർ.ടി.എ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു. നിരവധി മികച്ച പദ്ധതികൾ നടപ്പിലാക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടാക്സി സീറ്റുകളിൽ മികച്ചയിനം ലതർ ഉപയോഗിച്ചതും ശുചിത്വം ഉറപ്പുവരുത്തിയതും അടക്കമുള്ള പദ്ധതികളും നടപ്പിലാക്കിയവയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

