ഈ വർഷം ആദ്യ പകുതിയിൽ അപകടത്തിൽ മരിച്ചത് 27 പേർ
text_fieldsകഴിഞ്ഞയാഴ്ച ദുബൈയിലുണ്ടായ അപകടം
ദുബൈ: ഈ വർഷം ആദ്യ ആറ് മാസത്തിൽ യു.എ.ഇയിൽ അപകടത്തിൽ മരിച്ചത് 27 പേർ. 655 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. 1009 അപകടങ്ങളാണുണ്ടായത്. പെട്ടെന്നുള്ള തിരിക്കൽ, കൃത്യമായ അകലം പാലിക്കാതിരിക്കൽ, ട്രാഫിക് നിയമ ലംഘനം എന്നിവയാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം. അതേസമയം, കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണ്. 2021ലെ ആദ്യപാദത്തിൽ 1664 അപകടങ്ങളിലായി 61 പേർ മരിക്കുകയും 1100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാത്രക്കിടയിലെ മൊബൈൽ ഉപയോഗവും അപകടങ്ങൾക്ക് പ്രധാന കാരണമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ച 33,000 പേർക്ക് ഈ വർഷം പിഴയിട്ടു. വാഹനമോടിക്കുമ്പോൾ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നോക്കുന്നവരും മൊബൈലിൽ മറ്റ് വെബ്സൈറ്റുകൾ ഉപയോഗിക്കുന്നവരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓൺലൈനിൽ നോക്കുന്ന ഒരു നിമിഷംമതി വലിയ അപകടങ്ങൾക്ക് കാരണമാകാനെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഈ വർഷം ദുബൈയിൽ ആകെ അപകടത്തിൽപെട്ടത് 2285 വാഹനങ്ങളാണ്. കഴിഞ്ഞ വർഷം ഇത് 3749 ആയിരുന്നു. കൂടുതലും ചെറിയ അപകടങ്ങളായിരുന്നു. ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചാൽ 800 ദിർഹവും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ആധുനിക റഡാറുകൾ ഇത് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ദുബൈയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

