ദുബൈയിൽ സ്വകാര്യ മേഖലയിൽ 25 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി
text_fieldsദുബൈ: ഈ അധ്യയന വർഷം സ്വകാര്യ മേഖലയിൽ പുതുതായി 25 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കും. 16 നഴ്സറികൾ (ഇ.സി.സി), ആറ് സ്കൂളുകൾ, മൂന്ന് അന്താരാഷ്ട്ര സർവകലാശാലകൾ എന്നിവയാണ് പ്രവർത്തനം ആരംഭിക്കുന്നത്. 25 സ്ഥാപനങ്ങളിലായി ആകെ 14,000 വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കും.
ഇതിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലായാണ് 11,700 സീറ്റുകളുടെ ഒഴിവ്. 16 നഴ്സറികളിലായി 2,400 കുട്ടികൾക്ക് പഠനാവസരം ലഭിക്കും. ആറ് പുതിയ സ്കൂളുകളിൽ അഞ്ചെണ്ണത്തിൽ യു.കെ പാഠ്യപദ്ധതിയും ഒന്നിൽ ഫ്രഞ്ചുമാണ്. സ്പോർട്സ് സിറ്റിയിലെ ജെംസ് സ്കൂൾ ഓഫ് റിസർച് ആൻഡ് ഇന്നോവേഷൻ, അറബിയ സിറ്റിയിലെ വിക്ടറി ഹൈറ്റ്സ് പ്രൈമറി സ്കൂൾ, മിറയിലെ ദുബൈ ബ്രിട്ടീഷ് സ്കൂൾ, അകാദമിക് സിറ്റിയിലെ ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ, നാദ് അൽ ശിബയിലെ അൽ ഫനാർ സ്കൂൾ എന്നിവയാണ് യു.കെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ.
മുഡോണിലെ ലൈസി ഫ്രാൻസിസ് ഇന്‍റർനാഷനൽ സ്കൂളാണ് ഫ്രഞ്ച് പാഠ്യപദ്ധതി പിന്തുടരുന്നത്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുന്നതോടെ താമസക്കാർക്ക് കൂടുതൽ മികച്ച ഓപ്ഷനുകൾ ലഭിക്കുകയും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാപനം ശക്തിപ്പെടുത്തുകയും ചെയ്യും.
331 നഴ്സറികൾ, 233 സ്കൂളുകൾ, 44 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഐഷ മിരാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

