പ്രതിരോധ വിഡിയോ പ്രചരിപ്പിക്കൽ: യു.എ.ഇയിൽ 25 പേർ കൂടി അറസ്റ്റിൽ
text_fieldsപൊലീസ് പിടികൂടിയ പ്രതികൾ
അബൂദബി: രാജ്യത്തെ വ്യോമ പ്രതിരോധ സേനകൾ നടത്തുന്ന നീക്കങ്ങൾ ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 25 പേർ കൂടി അറസ്റ്റിലായി. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരാണ് പ്രതികൾ. ഇതോടെ ഇത്തരം കേസിൽ അറസ്റ്റിലായവരുടെ എണ്ണം 80 ആയി. കഴിഞ്ഞ ദിവസം അബൂദബിയിൽ 45 പേരും ദുബൈയിൽ പത്തുപേരും അറസ്റ്റിലായിരുന്നു. യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയുടെ നിർദേശമനുസരിച്ചാണ് കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പ്രതിരോധ നീക്കങ്ങൾക്ക് ദോഷകരമാവുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവത്കരിക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രതികൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രതികൾ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് വ്യത്യസ്ത രീതികളിൽ വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചിരുന്നത്.
പൊതുജനങ്ങളുടെ സമാധാനം തകർക്കുന്നതിനും അസ്ഥിരതക്ക് പ്രേരിപ്പിക്കുന്നതിനുമായി വ്യാജ വിവരങ്ങളും കൃത്രിമ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ സംഭവങ്ങളുടെ യഥാർഥ വിഡിയോ പ്രചരിപ്പിക്കൽ, ക്രത്രിമ ബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജ വിഡിയോ നിർമിക്കൽ, രാജ്യത്തിന് എതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ നേതാക്കളെ മഹത്വവത്കരിക്കുകയും ചെയ്യുക തുടങ്ങിയ നടപടികൾ കടുത്ത നിയമലംഘനമായാണ് പരിഗണിക്കുക. ഒരു വർഷം തടവും ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.
വ്യോമ മേഖലകളിൽ സൈന്യം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെയും അതിന്‍റെ അന്തര ഫലങ്ങളുടെയും യഥാർഥ വിഡിയോ ആണ് പ്രതികളിൽ ഒരു വിഭാഗം പ്രചരിപ്പിച്ചത്. ഈ സംഭവങ്ങൾ നിരീക്ഷിക്കുന്ന വ്യക്തികളുടെ വിഡിയോകളും അവർ ചിത്രീകരിച്ചിരുന്നു. പൊതുജനങ്ങളുടെ ഉത്കണ്ഠയും പരിഭ്രാന്തിയും ഉണർത്തുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും സൗണ്ട് ഇഫക്റ്റുകളും വിഡിയോയിൽ കൂട്ടിച്ചേർത്തതായും അധികൃതർ കണ്ടെത്തി.
എ.ഐ ഉപയോഗിച്ച് കൃത്രിമ വിഡിയോ നിർമിക്കുകയോ രാജ്യത്തിന് പുറത്തുനടന്ന സംഭവങ്ങളുടെ വിഡിയോ രാജ്യത്ത് നടന്നതാണെന്ന് രീതിയിൽ പ്രചരിപ്പിക്കുകയോ ആണ് രണ്ടാമത്തെ വിഭാഗം പ്രതികൾ നടത്തിയ നിയമലംഘനം. മൂന്നാമത്തെ വിഭാഗം നടത്തിയത് ആക്രമണകാരികളുടെ നേതാക്കളെ മഹത്വവൽകരിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിക്കലാണെന്നും അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അറ്റോർണി ജനറൽ ഉത്തരവിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

