ഷാർജയിൽ ലൈബ്രറി നവീകരണത്തിന് 25 ലക്ഷം ദിർഹം അനുവദിച്ചു
text_fieldsകുട്ടികളുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താനും ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും
ഷാർജ: എമിറേറ്റിലെ വായന പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിലെ പൊതു, സർക്കാർ ലൈബ്രറികൾക്ക് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 25 ലക്ഷം ദിർഹം അനുവദിച്ചു.
ഏപ്രിൽ 23 മുതൽ ഷാർജ എക്സ്പോ സെന്ററിൽ നടന്നുവരുന്ന വായനോത്സവത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാംസ്കാരിക വിനിമയത്തിനും അറിവിനുമുള്ള തുറന്ന വേദികളാക്കി ലൈബ്രറികളെ മാറ്റുകയാണ് ലക്ഷ്യം. പുസ്തകങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾ ജനങ്ങളിലും ഭാവിയിലേക്കുമുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.
എമിറേറ്റിലുടനീളമുള്ള ലൈബ്രറികൾക്കായി പുസ്തകമേളയിലെ അറബിക്, അന്താരാഷ്ട്ര പുസ്തക പ്രസാദകരിൽനിന്നുള്ള ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കും. ശൈഖ് സുൽത്താൻ അനുവദിച്ച ഫണ്ട് വായനക്കാർക്കുള്ള സമ്മാനമാണെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി വിശേഷിപ്പിച്ചു.
പ്രസിദ്ധീകരണ മേഖലയെ പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നത് ശൈഖ് സുൽത്താന്റെ ദർശനത്തിന്റെ വിപുലീകരണമാണ്. സമൂഹത്തിലേക്ക് പുതിയ ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രസാദകർക്ക് ഉത്തരവാദിത്തമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശൈഖ് സുൽത്താന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദിപറയുകയാണ്. ലൈബ്രറികളെ അറിവ്, സംവാദം, സർഗാത്മകത എന്നിവക്കുള്ള ഊർജസ്വലമായ ഇടങ്ങളാക്കി മാറ്റുന്നത് തുടരുമെന്നും അവർ പറഞ്ഞു. ശൈഖ് സുൽത്താന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന 16ാമത് കുട്ടികളുടെ പുസ്തകോത്സവം മേയ് നാലിന് സമാപിക്കും. 12 ദിവസത്തിനിടെ ലോകത്തെ ഏറ്റവും പ്രമുഖരായ എഴുത്തുകാർ പ്രസാദകർ, ബുദ്ധിജീവികൾ, പ്രസംഗകർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.