‘റൈസി’ൽ രണ്ടാഴ്ചക്കിടെ ലഭിച്ചത് 25 പരാതികൾ -പ്രധാന വില്ലൻ സാമ്പത്തിക പ്രശ്നങ്ങൾ
text_fieldsഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ഷാർജ: പ്രവാസികൾക്കിടയിലെ കുടുംബ തർക്കങ്ങൾ ഇല്ലാതാക്കാനും ആത്മഹത്യ തടയാനുമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ ‘റൈസ്’ എന്ന പേരിൽ ആരംഭിച്ച കുടുംബ തർക്ക പരിഹാര സമിതിക്ക് രണ്ടാഴ്ചക്കിടെ ലഭിച്ചത് 25 ഗാർഹിക പീഡന പരാതികൾ. സങ്കടങ്ങളുമായി അസോസിയേഷനെ സമീപിച്ചവരിൽ 90 ശതമാനവും മലയാളി സ്ത്രീകൾ. ഭാര്യയുടെ പീഡനത്തിനെതിരെ രണ്ട് യുവാക്കളും അസോസിയേഷന്‍റെ സഹായം തേടി. ഗൾഫിൽ പ്രവാസി കുടുംബതർക്കങ്ങളിലെ പ്രധാനവില്ലൻ സാമ്പത്തികപ്രശ്നങ്ങളാണ്. ഇതിന് പുറമെ ലഹരിയും അവിഹിതബന്ധങ്ങളും കുടുംബങ്ങളിൽ വില്ലനായി കടന്നുവരുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൾഫിൽ ബിസിനസ് തുടങ്ങാൻ ഭാര്യയുടെ പേരിൽ ലോണെടുത്തും, അവരുടെ പേരിലെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നതുമായ നിരവധി പരാതികളുണ്ട്. അമിതചെലവും ആഡംബരവും കുഴപ്പത്തിലാക്കിയവരുണ്ട്. തനിക്ക് പങ്കാളിത്തവും ബോധ്യവുമില്ലാത്ത സാമ്പത്തിക ഇടപാടുകൾക്ക് ഒപ്പിട്ട് നൽകാൻ സ്ത്രീകൾ തയാറാവരുതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പറഞ്ഞു. രണ്ടാഴ്ചക്കിടെ 25 പരാതികളാണ് ലഭിച്ചത്. ഇതിൽ ഒന്നിൽ പൊലീസ് സഹായം തേടേണ്ടി വന്നു. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ സമീപിക്കാന്‍ കഴിയാത്തവരെ അങ്ങോട്ട് സമീപിക്കാന്‍ സംവിധാനമൊരുക്കും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമല്ല, അടിയന്തരഘട്ടങ്ങളില്‍ 24 മണിക്കൂറും സേവനം നല്‍കാന്‍ തങ്ങള്‍ തയാറാണെന്ന് സെക്രട്ടറി ശ്രീപ്രകാശ് പറഞ്ഞു.
ഷാര്‍ജക്ക് പുറമേ മറ്റ് എമിറേറ്റിലുള്ളവരും റൈസിന്റെ സേവനം തേടിയെത്തുന്നുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 065610845 എന്ന നമ്പറില്‍ വിളിക്കാം. communitysupport@iassharjah.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐ.എ.എസ് ജന. സെക്രട്ടറി പി. ശ്രീപ്രകാശ്, വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

