ഇഫ്ലുവൻസേഴ്സ് ഹബിൽ ആറുമാസം എത്തിയത് 2415 പേർ
text_fieldsദുബൈ: യു.എ.ഇയിൽ തുടക്കംകുറിച്ച സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർക്ക് വേണ്ടിയുള്ള കേന്ദ്രമായ ‘ക്രിയേറ്റേഴ്സ് എച്ച്.ക്യു’വിൽ ഈ വർഷം ആദ്യ ആറുമാസത്തിൽ എത്തിയത് 2415 പേർ. ജനുവരി മാസത്തിൽ ആരംഭിച്ച കേന്ദ്രത്തിൽ ഇന്ത്യയടക്കം 147 രാജ്യക്കാരാണ് ആകർഷിക്കപ്പെട്ടത്. ‘സമഗ്ര ഉള്ളടക്ക സമ്പദ്വ്യവസ്ഥ’ രൂപപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 10,000 ഇൻഫ്ലുവൻസർമാരെ ആകർഷിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ലോകത്താകമാനമുള്ള സമൂഹ മാധ്യമ പ്രവർത്തകരെയും ഈ മേഖലയിലെ വിദഗ്ധരെയും ഒരുമിപ്പിക്കുന്നതാണ് കേന്ദ്രം.
ഉള്ളടക്ക മേഖലയിലെ 24 രാജ്യങ്ങളിൽനിന്നുള്ള 78 ആഗോള കമ്പനികളെയും ഹബ് ആകർഷിച്ചിട്ടുണ്ട്. യു.കെ, പാകിസ്താൻ, യു.എസ്, ഇന്ത്യ, ഫ്രാൻസ്, ജർമനി എന്നിവയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഈ കമ്പനികൾ യു.എ.ഇയിലേക്ക് വരുകയാണുണ്ടായത്. രാജ്യം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർമാരുടെ ആകെ ഫോളോവേഴ്സിന്റെ എണ്ണം നിലവിൽ 245 കോടി വരും. ലോകത്തിന്റെ ഭാവിയെ നിർണയിക്കുന്ന സുപ്രധാന രംഗമാണ് കണ്ടൻറ് ഇക്കോണമിയെന്നും, ഭാവിയെ നയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ഒന്നാം നിരയിൽ നിൽക്കാനാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
ക്രിയേറ്റേഴ്സ് ഇക്കോണമിയിലെ എല്ലാ പങ്കാളികൾക്കും സമഗ്രവും ആകർഷകവുമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ക്രിയേറ്റേഴ്സ് എച്ച്.ക്യുവിലൂടെ ലക്ഷ്യമിടുന്നതെന്നും, അത് പോസിറ്റിവും ലക്ഷ്യബോധമുള്ളതുമായ ഉള്ളടക്കത്തിന്റെ വ്യാപനത്തെയും സമൂഹ വികസനത്തിൽ അതിന്റെ സ്വാധീനത്തെയും സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ആഗോള കമ്പനികളെയും ഉള്ളടക്ക സ്രഷ്ടാക്കളെയും ആകർഷിക്കുന്നതിൽ യു.എ.ഇയുടെ വിജയം, ഉള്ളടക്ക സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനും അതിന്റെ ആഗോള വളർച്ചയെ നയിക്കുന്നതിനുമുള്ള നിർണായക കേന്ദ്രമെന്ന നിലയിലെ നേട്ടങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ നടന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കമിട്ട കണ്ടന്റ് ക്രിയേറ്റേഴ്സ് ഫണ്ട് വഴി രൂപവത്കൃതമായതാണ് ക്രിയേറ്റേഴ്സ് എച്ച്.ക്യു. പ്രതിവർഷം 300ലധികം പരിപാടികളും വർക്ക്ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കപ്പെടും. ഗോൾഡൻ വിസ സൗകര്യമൊരുക്കൽ, സ്ഥലംമാറ്റത്തിന് സഹായം, കമ്പനി സജ്ജീകരണത്തിനുള്ള സഹായം എന്നിവയുൾപ്പെടെയുള്ള സേവനങ്ങളും ഇവിടെ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

