ദുബൈയിൽ 24 റിയൽ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തിയായി
text_fieldsദുബൈ: എമിറേറ്റിൽ ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം 450 കോടി മൂല്യമുള്ള 24 റിയൽ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തിയായി. ദുബൈ ലാൻഡ് വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നഗരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്.നിലവിൽ 726 പദ്ധതികൾ നിർമാണം നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. താമസ കേന്ദ്രങ്ങൾക്കും മറ്റുമുള്ള നഗരത്തിലെ ആവശ്യത്തിനനുസരിച്ച് അതിവേഗം പദ്ധതികൾ പൂർത്തീകരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അധികൃതർ വിലയിരുത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 90,337 യൂനിറ്റുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഇത് ആകെ 151 ശതകോടി ദിർഹം മൂല്യമുള്ളതാണ്. ഇക്കാലയളവിൽ ആകെ 2800 കോടി ദിർഹം മൂല്യമുള്ള 7,167 വില്ലകളാണ് നഗരത്തിൽ വിറ്റുപോയത്. അപ്പാർട്മെന്റുകൾക്ക് പകരം വില്ലകൾക്കുള്ള ആവശ്യക്കാർ വർധിച്ചുവരുന്നതായാണ് ഇത് വ്യക്തമാക്കുന്നത്.കോവിഡിനു ശേഷം അതിവേഗത്തിൽ വളർച്ച രേഖപ്പെടുത്തിയ ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി കുതിച്ചുചാട്ടമാണ് നിലവിൽ കാഴ്ചവെക്കുന്നത്. വിരമിച്ചവർക്കും വിദൂര ജോലിക്കാർക്കും റെസിഡൻസി പെർമിറ്റ്, 10 വർഷ ഗോൾഡൻ വിസ കൂടുതൽ മേഖലയിലുള്ളവർക്ക് ലഭ്യമാക്കിയത് എന്നീ ഘടകങ്ങൾ ഈ രംഗത്ത് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ വേഗത്തിലാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം സർക്കാറിന്റെ സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണ പരിശ്രമങ്ങളും വിപണിയുടെ ഉണർവിനെ സഹായിച്ചു.ദുബൈയിലെ വാടക വിപണിയിൽ ആറു മാസങ്ങളിൽ 465,738 വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 462,657 ആയിരുന്നു കരാറുകളുടെ എണ്ണം. വാടക കരാറുകളുടെ ആകെ മൂല്യം ഏകദേശം 42 ശതകോടി ദിർഹമിലെത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

