ദുബൈയിൽ പുതുതായി തുറന്നത് 2,336 ഭക്ഷ്യ സ്ഥാപനങ്ങൾ; ആറുമാസത്തിനിടെ നടത്തിയത് 34700 ഭക്ഷ്യ പരിശോധനകൾ
text_fieldsദുബൈ: ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിൽ പുതുതായി തുറന്നത് 2,336 ഭക്ഷ്യ സ്ഥാപനങ്ങൾ. ഭക്ഷ്യ മേഖലയിൽ മുൻനിര നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നുവെന്നതിന്‍റെ തെളിവാണ് പുതുതായി തുറന്ന സ്ഥാപനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആറു മാസത്തിനിടെ എമിറേറ്റിലുടനീളമുള്ള റസ്റ്റാറന്‍റുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലുമായി 34,700 പരിശോധനകളാണ് മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങളും ഭക്ഷണ നിലവാരവും എമിറേറ്റിലെ മുഴുവൻ റസ്റ്റാറന്‍റുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൂടാതെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷിതവും ഉയർന്ന ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും.
അതേസമയം, കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈ തുറമുഖങ്ങൾ വഴി എത്തിയത് 173,775 ഷിപ്മെന്റുകളിലായി 49 ലക്ഷം ടൺ ഭക്ഷ്യ വസ്തുക്കളാണ്. ഇത് ആഗോള ഭക്ഷ്യവ്യാപാരത്തിനുള്ള ഇടനാഴി എന്ന നിലയിൽ ദുബൈ നഗരത്തിന്‍റെ പങ്ക് ശക്തിപ്പെടുത്തി. കർശന പരിശോധനകൾക്ക് ശേഷം ഏകദേശം 9,40,000 ഭക്ഷ്യ ഉത്പന്നങ്ങൾ ക്ലിയർ ചെയ്യുകയും അംഗീകൃത ഡാറ്റാബേസുകളിൽ 77,700 പുതിയ ഭക്ഷ്യ വസ്തുക്കൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ദുബൈ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ ഫുഡ് രജിസ്ട്രേഷന്റെയും പരിശോധന സംവിധാനത്തിന്‍റ കാര്യക്ഷമതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും ഫുഡ് സേഫ്റ്റി ഡിപാർട്ട്മെന്റ് ഡയറക്ടർ ഡോ. സുൽത്താൻ അൽ താഹിർ പറഞ്ഞു. എമിറേറ്റിലെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഭക്ഷ്യ സുരക്ഷ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

