വ്യവസായ രംഗം ശക്തിപ്പെടുത്താൻ 2300 കോടി
text_fieldsഅബൂദബിയിൽ ആരംഭിച്ച മൂന്നാമത് ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിലെ
പ്രദർശനങ്ങളിലൊന്ന്
അബൂദബി: വ്യവസായ മേഖല ശക്തിപ്പെടുത്താൻ 2300 കോടി ദിർഹം അനുവദിക്കുന്നു. രാജ്യം ആഭ്യന്തര ഉൽപാദന രംഗം ശക്തിപ്പെടുത്തുന്നതിന്റെയും സ്വയം പര്യാപ്തത നേടുന്നതിന്റെയും ഭാഗമായാണ് രണ്ട് കമ്പനികളുടെ പിന്തുണയോടെ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത്.
അഡ്നോക് 2,000 കോടിയും പ്യുവർ ഹെൽത്ത് 300 കോടിയുമാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നതെന്ന് യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. അബൂദബിയിൽ മൂന്നാമത് ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ വ്യവസായ മേഖലയിലെ ആകെ ഫണ്ടിങ് 14,300 കോടി ദിർഹമായി വർധിക്കും. 2,000ത്തിലേറെ ഉൽപന്നങ്ങളുടെ ഉൽപാദനത്തെ സഹായിക്കാനാണ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് 100 കോടി ദിർഹം മൂല്യമുള്ള വായ്പ പദ്ധതിയും ഫോറത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എമിറേറ്റ്സ് ഡവലപ്മെന്റ് ബാങ്ക് അടക്കമുള്ള വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് നടപ്പാക്കുക. യു.എ.ഇ വ്യവസായ മേഖലയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറം സംഘടിപ്പിച്ചത്.
അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ വ്യവസായിക കമ്പനികൾക്ക് മറ്റുള്ളിടങ്ങളുമായി പൊരുത്തപ്പെടുന്ന വിലയിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതിയും ഊർജ മന്ത്രാലയത്തിന്റെയും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെ ആരംഭിക്കുന്നുണ്ട്. യു.എ.ഇ വ്യവസായിക സാഹചര്യം വികസിപ്പിക്കുക, വ്യവസായിക സമൂഹത്തെ ശക്തിപ്പെടുത്തുക, കൂടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുക, സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും ഡോ. അൽ ജാബിർ പറഞ്ഞു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വ്യവസായിക മേഖലയുടെ സംഭാവന 49 ശതമാനം വർധിച്ചിട്ടുണ്ട്. 2020ൽ ‘മേക് ഇറ്റ് ഇൻ എമിറേറ്റ്സ്’ പദ്ധതി രൂപപ്പെടുത്തിയതിനു ശേഷം 2023 ഡിസംബർ വരെയുള്ള കാലയളവിൽ വ്യവസായിക കയറ്റുമതി 60 ശതമാനം ഉയർന്ന് 18,700 കോടി ദിർഹമായതായും മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം വ്യവസായിക ഉൽപാദനക്ഷമത 2020നെ അപേക്ഷിച്ച് 18 ശതമാനം വർധിച്ചു. യു.എൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷന്റെ മത്സരാധിഷ്ഠിത വ്യവസായിക പ്രകടന സൂചികയിൽ യു.എ.ഇ കഴിഞ്ഞവർഷം പ്രാദേശികതലത്തിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 29ാം സ്ഥാനത്തും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

