രാജ്യത്ത് 230 സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു
text_fieldsദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ അനധികൃതമായി ഗാർഹിക തൊഴിലാളി നിയമനങ്ങൾ നടത്തുന്നതായി കണ്ടെത്തിയ 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി യു.എ.ഇ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) യുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിച്ചത്.
അക്കൗണ്ട് ഉടമകൾ ആവശ്യമായ ലൈസൻസുകൾ നേടിയിട്ടില്ലെന്നും, അംഗീകൃത റിക്രൂട്ട്മെന്റ് ഓഫിസുകളുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്രചാരണം നടത്തുന്നത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫീൽഡ് പരിശോധനയും ഡിജിറ്റൽ നിരീക്ഷണവും വഴിയാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
അനധികൃത ഏജൻസികളുമായി ഇടപാട് നടത്തുന്നത് തൊഴിലുടമകൾക്ക് നിയമപരമായ അവകാശനഷ്ടം, സാമ്പത്തിക നഷ്ടം എന്നിവ കൂടാതെ നിർബന്ധമായ മെഡിക്കൽ പരിശോധനകളും പശ്ചാത്തല പരിശോധനകളും നടത്താത്ത തൊഴിലാളികളെ നിയമിക്കുന്നതിലൂടെ കുടുംബങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകാനുള്ള സാധ്യതകളുമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫിസുകൾ വ്യക്തമായ സേവന നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. അതോടൊപ്പം സർക്കാർ അംഗീകരിച്ച നിരക്കുകൾ പ്രകാരം സേവന പാക്കേജുകൾ നൽകുന്ന സംവിധാനങ്ങളുമാണ്. പരിശീലനം ലഭിച്ച യോഗ്യതയുള്ള തൊഴിലാളികളെയാണിവർ നിയമിക്കുന്നത്. അതിനാൽ തൊഴിലുടമകളും യു.എ.ഇയിലെ ഇമാറാത്തി, പ്രവാസി കുടുംബങ്ങൾ ലൈസൻസുള്ള ഓഫിസുകളുമായി മാത്രമേ ഇടപാടുകൾ നടത്താവൂവെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ 600590000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലൈസൻസുള്ള ഓഫിസുകളുടെ പട്ടിക പരിശോധിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

