ദുബൈയിൽ 23 സ്കൂളുകൾക്ക് ‘ഔട്ട്സ്റ്റാന്‍റിങ്’ റേറ്റിങ് -കെ.എച്ച്.ഡി.എ വിലയിരുത്തിയത് 209 സ്കൂളുകളെ
text_fieldsദുബൈ: 2023-24 അകാദമിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച എമിറേറ്റിലെ 23 സ്വകാര്യ സ്കൂളുകൾക്ക് ‘ഔട്ട്സ്റ്റാന്‍റിങ്’ റേറ്റിങ് നൽകി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). 48 സ്വകാര്യ സ്കൂളുകൾക്ക് ‘വെരിഗുഡ്’ റേറ്റിങ്ങും ലഭിച്ചു. ഗുഡ്, ആക്സപറ്റഡ്, വീക്ക് എന്നിവയാണ് മറ്റ് റേറ്റിങ്ങുകൾ. കെ.എച്ച്.ഡി.എയുടെ റേറ്റിങ് അനുസരിച്ചാണ് സ്കൂളുകൾക്ക് ഓരോ അകാദമിക വർഷവും ഈടാക്കാവുന്ന ഫീസ് ഘടന നിശ്ചയിക്കുക. ഏറ്റവും മികച്ച റാങ്ക് നേടിയ സ്കൂളുകൾക്ക് ആനുപാതികമായി ഫീസ് വർധിപ്പിക്കാൻ അനുമതി നൽകും. 2023-24 അകാദമിക വർഷത്തിൽ 209 സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ അതോറിറ്റി വിലയിരുത്തിയത്. ഇതിൽ ‘ഔട്ട്സ്റ്റാന്‍റിങ്’ റേറ്റിങ് നേടിയവയിൽ കൂടുതലും ഇന്ത്യൻ, ഫ്രഞ്ച്, ഇന്‍റർനാഷനൽ ബെക്കാലുരേറ്റ് (ഐ.ബി), യു.കെ, യു.എസ് പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളാണ്. ദേര ഇന്‍റർനാഷനൽ സ്കൂൾ, ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് കോളജ് (അകാദമിക് സിറ്റി), ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ (ഊദ് മേത്ത), ജെംസ് ജേമൈറ പ്രൈമറി സ്കൂൾ, ജെംസ് വെല്ലിങ്ടൺ ഇന്റർനാഷ്നൽ സ്കൂൾ, ഹൊറിസോൺ ഇംഗ്ലീഷ് സ്കൂൾ, ജുമൈറ കോളജ്, നോർഡ് ആഗ്ലിയ ഇന്റർനാഷ്നൽ സ്കൂൾ, സഫ കമ്യൂണിറ്റി സ്കൂൾ, വിക്ടറി ബ്രിട്ടീഷ് സ്കൂൾ (ജൂമൈറ പാർക്ക്), ജെംസ് ദുബൈ അമേരിക്കൻ അകാദമി, ജെംസ് മോഡേൺ അകാദമി, ജുമെറ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ (അൽ സഫ 1), ജുമൈറ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ (അറേബയൻ റാഞ്ചസ്, കിങ്സ് സ്കൂൾ അൽ ബർഷ, കിങ്സ് സ്കൂൾ ദുബൈ, ദുബൈ കോളജ്, ദുബൈ ഇന്‍റർനാഷനൽ അകാദമി, ലൈസി ഫ്രാൻസിയസ് ഇന്‍റർനാഷനൽ, ലൈസി ഫ്രാൻസിയസ് ഇന്‍റർനാഷനൽ ജോർജസ് പ്രോംപിഡോ സ്കൂൾ (ഊദ് മേത്ത), റെപ്റ്റൻ സ്കൂൾ എന്നിവയാണ് ഔട്ട്സ്റ്റാന്‍റിങ് നേടിയ സ്കൂളുകൾ.
ക്ഷേമം, എല്ലാവിഭാഗം സമൂഹങ്ങളേയും ഉൾകൊള്ളാനുള്ള ശേഷി എന്നിവയാണ് റേറ്റിങ്ങിനായുള്ള രണ്ട് പ്രധാന മാനദണ്ഡങ്ങൾ. കെ.എച്ച്.ഡി.എയുടെ വിലയിരുത്തലിൽ ഏറ്റവും മോശം റേറ്റിങ് ലഭിച്ച സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യും. അതേസമയം, 2024-25 അധ്യയന വർഷം മുതൽ സ്കൂളുകളിൽ നേരിട്ടുള്ള വിലയിരുത്തലുകൾ നടത്തില്ലെന്ന് കെ.എച്ച്.ഡി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളുടെ മൂന്നാം വർഷത്തെ പ്രവർത്തനങ്ങളാണ് സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കുക. കുട്ടികളുടെ അകാദമിക വളർച്ച രേഖപ്പെടുത്താൻ സമഗ്രമായ മറ്റ് മാർഗങ്ങളും അവലിംബിക്കും. കൂടാതെ സ്കൂളുകൾ സ്വയം വിലയിരുത്തുന്ന ഫോമുകളും സബ്മിറ്റ് ചെയ്യണം. ഇത് വിലയിരുത്തിയാവും റേറ്റിങ് നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

