റമദാനിൽ ഷാർജയിൽ പിടിയിലായത് 222 യാചകർ
text_fieldsഷാർജ: റമദാനിൽ എമിറേറ്റിൽ പൊലീസ് നടത്തിയ തിരച്ചിലിൽ 222 യാചകർ പിടിയിലായതായി അധികൃതർ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പിടിയിലായവരിലുണ്ട്. ‘ഭിക്ഷാടനം കുറ്റമാണ്, ദാനം ഉത്തരവാദിത്തവുമാണ്’ എന്ന തലക്കെട്ടിൽ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകൾ നടന്നത്. റമദാനിലും പെരുന്നാൾ ദിനത്തിലും സമൂഹത്തിൽ കാണപ്പെടുന്ന മോശം പ്രവണതകളെ തിരുത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
വിവിധ മാർഗങ്ങൾ ഉപയോഗപ്പെടുത്തി സാമൂഹിക ബോധവത്കരണവും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റ് മെസേജുകളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും കാമ്പയിൻ സന്ദേശങ്ങൾ ജനങ്ങൾക്ക് എത്തിച്ചതിന് പുറമെ, ഷാർജ ഔഖാഫ് വകുപ്പുമായി സഹകരിച്ച് എമിറേറ്റിലെ 600 പള്ളികൾ വഴിയും ബോധവത്കരണം നടത്തിയതായി ഷാർജ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രി. ജനറൽ ആരിഫ് ഹസൻ ബിൻ ഹുദൈബ് പറഞ്ഞു. പൊലീസ് പിടികൂടിയവരിൽ 194 പുരുഷന്മാരും 28 സ്ത്രീകളുമാണുള്ളത്. പൊലീസിന്റെ വിവിധ ചാനലുകൾ വഴി ലഭിച്ച റിപ്പോർട്ടുകളുടെയും നേരിട്ട് നടത്തിയ പട്രോളിങ്ങിലുമാണ് ഇത്രയും പേർ പിടിയിലായത്. ലഫ്. കേണൽ ജാസിം മുഹമ്മദ് ബിൻ താലിയയുടെ നേതൃത്വത്തിലാണ് യാചകരെ പിടികൂടുന്ന കാമ്പയിൻ ഒരുക്കിയത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി യാചകർക്കെതിരായ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ ഏജൻസികൾ ഔദ്യോഗികമായി അംഗീകരിക്കുന്ന ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും മാത്രം സംഭാവനകൾ നൽകണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. യാചകരെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് സൗജന്യ നമ്പർ(901) വഴിയോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ ഹോട്ട്ലൈൻ (80040) നമ്പറിലോ ഷാർജ പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ www.shjpolice.gov.ae എന്ന വെബ്സൈറ്റ് വഴിയോ വിവരമറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

