ദുബൈയിൽ 222 ഭിക്ഷാടകർ പിടിയിൽ; റമദാൻ, ഈദ് അവധി ദിനങ്ങളിലെ കണക്കുകൾ പുറത്തുവിട്ട് പൊലീസ്
text_fieldsദുബൈയിൽ പൊലീസ് പിടികൂടിയ ഭിക്ഷാടകർ
ദുബൈ: റമദാൻ, ഈദ് അവധി ദിനങ്ങളിൽ ദുബൈയിൽ പൊലീസ് പിടിയിലായത് 222 ഭിക്ഷാടകർ. ‘യാചനയെ നേരിടാം’ കാമ്പയിനിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകൾ, വകുപ്പുകൾ എന്നിവരുമായി കൈകോർത്ത് എമിറേറ്റിലുടനീളും നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകരെ പിടികൂടിയതെന്ന് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
ഭിക്ഷാടനത്തിനെതിരെ പൊതു അവബോധം ഉയർത്താനും യു.എ.ഇയിലെ പരിഷ്കൃതമുഖം കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ട് ‘യാചന രഹിതമായ, ബോധമുള്ള സമൂഹം’ എന്ന പ്രമേയത്തിന് കീഴിലാണ് കാമ്പയിൻ നടന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ റോഡ് ഗതാഗത അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ്, അൽ അമീൻ സർവിസ് എന്നിവരും കാമ്പയിനിന്റെ ഭാഗമായിരുന്നു.
കുറ്റവാളികൾക്കെതിരെ സ്വീകരിച്ച കർശന നിയമനടപടികൾ കാരണം ഇത്തരം കാമ്പയിനുകൾ വർഷന്തോറും യാചന തടയുന്നതിൽ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്മെന്റ് ഓഫ് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ആക്ടിങ് ഡയറക്ടർ കേണൽ അഹ്മദ് അൽ അദീദി പറഞ്ഞു.
പിടിയിലായ 222 യാചകരിൽ 33 പേർ ഈദുൽ ഫിത്ർ സമയത്താണ് പിടിയിലായത്. റമദാനിൽ വിശ്വാസികളുടെ അനുകമ്പ ചൂഷണം ചെയ്യുകയാണ് ഭിക്ഷാടകർ. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചും വ്യാജമെഡിക്കൽ സാക്ഷ്യപത്രങ്ങൾ കാണിച്ചുമാണ് വിശ്വാസികളുടെ അനുകമ്പ മുതലെടുക്കുന്നത്. കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന സ്ത്രീകൾ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലെ പൊലീസ് ഐയിലോ 901 എന്ന ടോൾ ഫ്രീ നമ്പറിലോ www.ecrime.ae എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യാം. അതോടൊപ്പം ഔദ്യോഗിക ചാരിറ്റി സ്ഥാപനങ്ങൾ വഴി മാത്രം സംഭാവന നൽകാൻ ശ്രമിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

