ജനുവരിയിൽ ഇത്തിഹാദിൽ യാത്ര ചെയ്തത് 22ലക്ഷം യാത്രക്കാർ
text_fieldsഅബൂദബി: യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേഴ്സിൽ ജനുവരിയിൽ 22 ലക്ഷം യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ. കഴിഞ്ഞ വർഷത്തെ ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജനുവരിയിൽ 17 ലക്ഷം യാത്രക്കാരാണ് ഇത്തിഹാദ് ഉപയോഗിച്ചിരുന്നത്. യാത്രക്കാരുടെ ലോഡ് ഫാക്ടർ ജനുവരിയിൽ 89.9 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 89.1 ശതമാനമായിരുന്നു. 2026 തുടക്കത്തിൽ ഇത്തിഹാദിന്റെ ഓപ്പറേറ്റിംഗ് ഫ്ലീറ്റ് 127 വിമാനങ്ങളാണ്. ലോകമെമ്പാടുമുള്ള 110 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. സീസണൽ സർവീസുകളും കാർഗോ റൂട്ടുകളും ഉൾപ്പെടെയുള്ള കണക്കാണിത്. അതേസമയം ചാർട്ടർ സർവീസുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
2026ന്റെ ശക്തമായ തുടക്കമാണ് ജനുവരിയിലേതെന്നും ആവശ്യകത ഉയർന്ന നിലയിൽ തുടരുകയാണെന്നും ഇത്തിഹാദ് എയർവേയ്സ് സി.ഇ.ഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ യാത്രക്കാരിൽ മികച്ച പ്രതികരണം നേടുകയാണ്. ഓരോ സർവീസിലും ഞങ്ങളുടെ ടീമുകളുടെ സമർപ്പണം പ്രകടമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ ലക്സംബർഗ്, കാല്‍ഗറി എന്നീ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഈ നഗരങ്ങളും അബൂദബിയുമായി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

