മൂന്നുമാസത്തിൽ ദുബൈ പൊലീസിന് 21 ലക്ഷം അടിയന്തര കോളുകൾ
text_fieldsദുബൈ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തിൽ ദുബൈ പൊലീസിന് 21.8 ലക്ഷം അടിയന്തര ഫോൺ കോളുകൾ ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. എമർജൻസി ഹോട്ട്ലൈൻ നമ്പറിലേക്ക് വരുന്ന ഇത്തരം ഫോൺ വിളികൾക്ക് ദുബൈ പൊലീസ് 10 സെക്കൻഡിനകമാണ് മറുപടി നൽകിവരുന്നത്. ഇതനുസരിച്ച് പ്രതികരണ നിരക്ക് 97.91 ശതമാനമായതായും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിലെ പൊലീസിന്റെ പ്രകടനം ഓപറേഷൻസ് വകുപ്പ് അവലോകനം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ വിഷയങ്ങളും മേഖലകളും ചർച്ചയായി. അടിയന്തര സാഹചര്യങ്ങളിൽ ലഭിക്കുന്ന വിളികൾക്ക് സുരക്ഷാ പട്രോളിങ് സംഘം എത്തിച്ചേരുന്ന സമയം 2.53 മിനിറ്റാണെന്നും വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥരായ ഓപറേഷൻസ് വിഭാഗം ആക്ടിങ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സഈദ് ഹമദ് ബിൻ സുലൈമാൻ, എക്സ്ലൻസ് ആൻഡ് പയനിയറിങ് വകുപ്പ് ഡയറക്ടർ ബ്രി. ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുഅല്ല എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

