20,179 ദിർഹം ‘ദീവ’ ബിൽ; വിശദീകരിച്ച് അധികൃതർ
text_fieldsദുബൈ: 20,179 ദിർഹം ‘ദീവ’ ബിൽ ലഭിച്ച ഉപഭോക്താവിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അധികൃതർ. ഡേവിഡ് റിച്ചാർഡ് സ്പോർസ് എന്ന ദമാക് ഹിൽസ് -2വിലെ താമസക്കാരനാണ് ഞെട്ടിപ്പിക്കുന്ന ബിൽ ലഭിച്ചത്. വൈദ്യുതിക്ക് 1,383.17 ദിർഹം, ദുബൈ മുനിസിപ്പാലിറ്റി ഫീസ് 1,804.42 ദിർഹം, ജല ഉപയോഗത്തിന് 16,992.38 ദിർഹം എന്നിങ്ങനെയാണ് ചാർജ് ഈടാക്കിയിരുന്നത്. എന്നാൽ, അസാധാരണ ഉപഭോഗം ശ്രദ്ധയിൽപെട്ട ഉടൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ‘ദീവ’ വ്യക്തമാക്കി.
മുന്നറിയിപ്പ് ലഭിക്കുമ്പോൾ അവധിക്കാലമായതിനാൽ ഇയാൾ രാജ്യത്തിന് പുറത്തായിരുന്നു. ആഗസ്റ്റ് 11ന് യു.കെയിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ജലചോർച്ച വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടത്. ടാങ്കിലെ ഫ്ലോട്ട് വാൽവിന്റെ തകരാറാണിതിന് കാരണമായത്. വെള്ളത്തിന്റെ ചോർച്ച 30 ദിവസം തുടർച്ചയായി ഉണ്ടായിരുന്നു.
ബില്ലിൽ ആകെ 319,200 ഗാലൻ വെള്ളം ഉപയോഗിച്ചതായാണ് കാണിച്ചത്. ഇത് ഒരു ഒളിമ്പിക്സ് നീന്തൽക്കുളത്തിന്റെ പകുതിയോളം വലുപ്പം വരുമെന്നാണ് കണക്കാക്കുന്നത്. കൃത്യമായി നൽകിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതിരുന്നതാണ് ബിൽ തുക വർധിക്കാൻ കാരണമായത്. അസാധാരണ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ വൈകാതെ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ‘ദീവ’ക്കുള്ളത്. ഇത് അവഗണിക്കരുതെന്നും ജല ഉപയോഗം ശ്രദ്ധിച്ച് വേണമെന്നും നേരത്തേ പലതവണ അധികൃതർ ഓർമപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

