വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിന് പുതിയ നിയമം വരുന്നു
text_fieldsഅബൂദബി: വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാനും ജോലിസമയം ക്രമീകരിക്കാനും ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അവതരിപ്പിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ആഴ്ചയിൽ ഒരു അവധിദിനം, 30 ദിവസം ശമ്പളത്തോടു കൂടിയ വാർഷികാവധി, പാസ്പോർട്ട്, എമിറേറ്റ്സ് െഎ.ഡി, തൊഴിൽ പെർമിറ്റ് തുടങ്ങിയ രേഖകൾ കൈവശം വെക്കാനുള്ള അധികാരം, ദിവസേന 12 മണിക്കൂർ വിശ്രമം എന്നീ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമം. 12 മണിക്കൂർ വിശ്രമത്തിൽ എട്ട് മണിക്കൂർ തുടർച്ചയായി നൽകണം.
അന്താരാഷ്്ട്ര തൊഴിൽ സംഘടനാ കൺവെൻഷെൻറ ശിപാർശകൾക്ക് അനുസൃതമാണ് കരട് നിയമത്തിലെ നിർദേശങ്ങൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഒപ്പ് വെക്കുന്നതോടെ നിയമത്തിന് പ്രാബല്യമാകും.
വംശം, നിറം, ലിംഗം, മതം, രാഷ്ട്രം, സമുദായം എന്നിവ അടിസ്ഥാനമാക്കിയോ മറ്റോ ഉള്ള വിവേചനം പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ശാരീരിക-വാചിക-ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, നിർബന്ധിച്ച് ജോലി ചെയ്യിക്കൽ എന്നിവയിൽനിന്ന് വീട്ടുേജാലിക്കാർക്ക് സംരക്ഷണവും നിയമം ഉറപ്പ് നൽകുന്നു.
രാജ്യത്ത് 7,50,000ത്തോളം വീട്ടുജോലിക്കാരുണ്ട് എന്നാണ് കണക്ക്. വിദേശ തൊഴിലാളികളുടെ 20 ശതമാനം വരുമിത്. ഇവരിൽ 65 ശതമാനവും അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലാണ്. മാന്യമായ തൊഴിൽ സാഹചര്യവും സാമൂഹിക സുരക്ഷയും മാനവ വിഭവശേഷി മന്ത്രാലയത്തിലെ പ്രത്യേക ട്രിബ്യൂണലുകളുടെ സേവനവും വീട്ടുേജാലിക്കാർക്ക് ലഭ്യമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. ബാലവേല നിർമാർജനം ചെയ്യുന്നതിന് അന്താരാഷ്്ട്ര നിയമം നിഷ്കർഷിച്ച 18 വയസ്സ് പൂർത്തിയായവരെ മാത്രമേ ജോലിക്ക് നിർത്താവൂ എന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, നിയമപ്രകാരമുള്ള വിശ്രമ സമയം തുടങ്ങിയ വ്യവസ്ഥകളും നിബന്ധനകളും സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടുജോലിക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്ന് തൊഴിൽനിയമന ഏജൻസികൾ ഉറപ്പുവരുത്തിയിരിക്കണം. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം വീട്ടുജോലിക്കാരൻ െപ്രാബേഷനിലായിരിക്കും. ആറ് മാസം വരെ െപ്രാബേഷൻ ദീർഘിപ്പിക്കാം. ഇക്കാലത്തിനിടെ െതാഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുന്നുവെങ്കിൽ നാട്ടിലയക്കാനുള്ള ചെലവ് നിയമന ഏജൻസി വഹിക്കണം.
ജോലിക്കാരനെ ഒരിക്കൽ മാത്രമേ പ്രബേഷനിൽ ജോലി ചെയ്യിക്കാൻ തൊഴിലുടമക്ക് അവകാശമുള്ളൂ. അതേസമയം, ഇരു കക്ഷികളുടെയും സമ്മത പ്രകാരം തൊഴിലാളിയെ മറ്റൊരു ജോലിയിലേക്ക് മാറ്റുന്നുവെങ്കിൽ വീണ്ടും പ്രബേഷനിൽ ജോലി ചെയ്യിക്കാം.
വീട്ടുജോലിക്കാരെ വേലക്കാർ, സഹായികൾ, കാവൽക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വീട്ടിലെ ആടുമാട് നോട്ടക്കാർ, കുടുംബ ഡ്രൈവർമാർ, കുതിര പരിചാരകർ, പ്രാപ്പിടിയൻ പരിശീലകർ, വീട് സൂക്ഷിപ്പുകാർ, സ്വകാര്യ പരിശീലകർ, സ്വകാര്യ അധ്യാപകർ, ശിശുപരിപാലകർ, വീട്ടുകൃഷി നോട്ടക്കാർ, സ്വകാര്യ നഴ്സ്. സ്വകാര്യ പി.ആർ.ഒ, സ്വകാര്യ കാർഷിക എൻജിനീയർ എന്നിങ്ങനെ തരംതിരിക്കുന്നു. ഇതുവരെ വേലക്കാർ, വീട്ടുകൃഷി നോട്ടക്കാർ, വീട്ടു ഡ്രൈവർ എന്നിങ്ങനെ മാത്രമാണ് തരംതിരിച്ചിരിക്കുന്നത്.
എല്ലാ വിധ പീഡനങ്ങളിൽനിന്നും അക്രമങ്ങളിൽനിന്നും നിയമം ജോലിക്കാർക്ക് പരിരക്ഷ നൽകുന്നു. തൊഴിലുടമകൾ ജോലിക്കാർക്ക് മാന്യമായ ജീവിത സാഹചര്യമൊരുക്കുകയും അവരുടെ സ്വകാര്യതയെ ആദരിക്കുകയും വേണം. ഉത്തരവാദിത്തങ്ങൾ നിറേവറ്റുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയാൽ ജോലിക്കാരന് കരാർ റദ്ദാക്കാം. തൊഴിൽ സാഹചര്യങ്ങളും തൊഴിലുപകരണങ്ങളും ജോലിക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതായിരിക്കണം.
താമസ സൗകര്യത്തിന് പുറമെ വസ്ത്രം, ഭക്ഷണം, ചികിത്സ, ആേരാഗ്യപരിരക്ഷ, ശാരീരിക സുരക്ഷിതത്വം എന്നിവ ലഭ്യമാക്കണം. അവരുടെ അഭിമാനത്തെ ആദരിക്കുകയും വേണം.
ആഴ്ചയിൽ അവധി; വാർഷികാവധി 30 ദിവസം
ആഴ്ചയിൽ ഒരു ദിവസം വീട്ടുജോലിക്കാർക്ക് അവധി നൽകിയിരിക്കണം. ഏതെങ്കിലും കാരണവശാൽ അവധി ദിനത്തിൽ ജോലി ചെയ്യേണ്ടിവന്നാൽ പകരം വേതനമോ നിയമാനുസൃത പ്രതിഫലമോ നൽകണം. 30 ദിവസമാണ് വാർഷികാവധി. സേവനകാലം ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിലാണെങ്കിൽ ഒരു മാസത്തിന് രണ്ട് ദിവസം എന്ന രീതിയിലാണ് അവധി കണക്കാക്കുക.
അവധി ദിനങ്ങൾ എപ്പോൾ നൽകണമെന്നത് തൊഴിലുടമക്ക് തീരുമാനിക്കാം. ആവശ്യമെങ്കിൽ രണ്ടിലധികമാകാതെ ഭാഗിച്ചുനൽകാം. രണ്ട് വർഷത്തെ അവധി ഒന്നിച്ച് നൽകാനും അനുമതിയുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. അവധിക്ക് വീട്ടിലേക്ക് പോകാൻ താൽപര്യപ്പെടാത്ത ജോലിക്കാർക്ക് അവധിക്കാലത്തെ ശമ്പളവും യാത്രാബത്തയും പണമായി നൽകാം.
വർഷത്തിൽ 30 ദിവസം മെഡിക്കൽ അവധിയും ലഭിക്കും. ഇതിൽ ആദ്യ 15 ദിവസം ശമ്പളത്തോട് കൂടിയും പിന്നീടുള്ള 15 ദിവസം ശമ്പളമില്ലാതെയും ആയിരിക്കും അവധി.
വേതനം
തൊഴിലാളിയെ യു.എ.ഇയിൽ എത്തിക്കുന്നതിന് മുമ്പ് ശമ്പളം അറിയിക്കുകയും അത് തൊഴിലാളി അംഗീകരിക്കുകയും വേണം. ഒാരോ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നൽകണം. ശമ്പളം കിട്ടിയതായി തൊഴിലാളി ഒപ്പിട്ട് നൽകിയ രശീതി സൂക്ഷിക്കണം.
തൊഴിലാളി കടമായി വാങ്ങിയ തുകയോ എന്തെങ്കിലും വസ്തുക്കൾക്ക് നാശം വരുത്തിയതിെൻറ നഷ്ടപരിഹാരമോ കോടതിയെ ബോധ്യപ്പെടുത്തി ഇൗടാക്കാം എന്നല്ലാതെ ജോലിക്കാരെൻറ ശമ്പളത്തിൽനിന്നോ ഗ്രാറ്റേവിറ്റിയിൽനിന്നോ ഒന്നും കുറക്കാൻ അവകാശമില്ല. േജാലിക്കാരനും തൊഴിലുടമയും തമ്മിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായാൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ പ്രത്യേക ട്രിബ്യൂണലുകൾ മുഖേനയോ മറ്റു കോടതികൾ മുഖേനേയാ ആണ് പരിഹാരം തേടേണ്ടത്.
തൊഴിൽ കരാർ
മാനവവിഭവശേഷി മന്ത്രാലയം അംഗീകരിച്ച മാതൃകയിലായിരിക്കണം തൊഴിൽ കരാർ തയാറാേക്കണ്ടത്. കരാറിൽ ജോലിയുടെ വിശദാംശം, തൊഴിലാളിയുടെ യോഗ്യത, തൊഴിലുടമയുടെ ഉത്തരവാദിത്വങ്ങൾ എന്നിവ രേഖപ്പെടുത്തണം. ഇൗ കരാറിൽ തൊഴിലുടമയും നിയമന ഏജൻസിയും ഒപ്പു വെക്കണം. തൊഴിലാളിയുടെ യാത്രാചെലവ്, നിയമന ഏജൻറിെൻറ ഫീസ് എന്നിവയും കരാറിലുണ്ടാകണം.
കരാർ പ്രകരമുള്ള നിബന്ധനകൾ പാലിക്കുന്നതിൽ നിയമന ഏജൻറ് വീഴ്ച വരുത്തിയാൽ ജോലി നൽകാതിരിക്കാൻ തൊഴിൽ ഉടമക്ക് അവകാശമുണ്ട്. അങ്ങനെ സംഭവിച്ചാൽ തൊഴിലാളിയെ സ്വന്തം രാജ്യേത്തക്ക് തിരിച്ചയക്കുന്നതിനുള്ള എല്ലാ ചെലവും ഏജൻറ് വഹിക്കേണ്ടി വരും. ഏജൻറ് കരാറിലെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് കാരണമായി ഉടമക്ക് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഏജൻറ് നഷ്ടപരിഹാരം നൽകേണ്ടിവരും.
കരാറിലെ ഭാഷ അറബിയായിരിക്കും. അറബിക്ക് പുറമെ മറ്റേതെങ്കിലും വിദേശ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അറബിയായിരിക്കും അംഗീകൃതമായി കണക്കാക്കുക. കരാർ അവസാനിക്കുന്ന തീയതി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. രണ്ട് വർഷത്തിലധികം ഇൗ കരാർ നീട്ടാനോ പുതുക്കാനോ സാധിക്കില്ല.
തൊഴിലാളിയുടെ താൽപര്യ പ്രകാരമോ തൊഴിലാളി കാരണമായോ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതിനാലോ തൊഴിൽ കരാർ റദ്ദാക്കുകയാണെങ്കിൽ ഏജൻറ് എല്ലാ ഫീസുകളും തിരിച്ചടക്കേണ്ടിവരും.
നിയമലംഘനത്തിന് കനത്ത ശിക്ഷ
നിയമം ലംഘിക്കുന്നവർ തടവും കനത്ത പിഴയും ശിക്ഷ ലഭിക്കും. തൊഴിലുടമയുടെ ഏതെങ്കിലും രഹസ്യങ്ങൾ ജോലിക്കാരൻ പരസ്യമാക്കിയാൽ ആറ് മാസം തടവോ 100,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. തൊഴിലിൽനിന്ന് പിരിഞ്ഞതിന് ശേഷമാണ് ജോലിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നതെങ്കിലും ഇൗ ശിക്ഷ ബാധകമാണ്. ഒരു വീട്ടിൽ ജോലിചെയ്തു കൊണ്ടിരിക്കെ ആ ജോലിയിൽനിന്ന് ഒഴിവാകാൻ ജോലിക്കാരനെ പ്രേരിപ്പിക്കുകയോ ജോലിക്കാരന് അഭയം വാഗ്ദാനം ചെയ്യുകയോ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ തടയുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കൂടാതെ ശിക്ഷക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിടും. കരാർ ലംഘനം നടത്തുന്ന നിയമന ഏജൻസികൾക്ക് 100,000 ദിർഹം പിഴ വിധിക്കും. കരാർ ലംഘനം തുടർന്നാൽ പിഴ വർധിപ്പിക്കും. കരാറിൽ വ്യക്തമാക്കാത്ത ജോലി ചെയ്യിക്കുന്ന വീട്ടുടമക്ക് 10,000 ദിർഹം പിഴ വിധിക്കും. ജോലിക്കാരനെ കാണാതായിട്ട് 48 മണിക്കൂറിനകം പൊലീസിനെ അറിയിച്ചില്ലെങ്കിലും ഇതേ പിഴയാണ് ശിക്ഷ. ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്നിട്ട് 48 മണിക്കൂറിനകം പൊലീസിനെ അറിയിക്കാത്ത ജോലിക്കാരനും സമാന ശിക്ഷ ലഭിക്കും. കൃത്യമായ കാരണമില്ലാതെ ജോലിക്ക് ഹാജരാകുന്നതിൽ ജോലിക്കാരൻ വീഴ്ച വരുത്തരുത്.
ജോലിക്കാർ സമൂഹത്തിെൻറ ആചാരങ്ങളെയും പാരമ്പര്യത്തെയും മാനിക്കുകയും വേണം. പുതിയ നിയമപ്രകാരം തൊഴിലാളി നൽകുന്ന കേസുകളിൽ അതിവേഗം തീർപ്പ് കൽപിക്കും. കൂടാതെ നിയമ നടപടികളുടെ എല്ലാ ഘട്ടങ്ങളിലുമുള്ള കോടതി ഫീസുകൾ തൊഴിലാളിക്ക് സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
