ഷാര്‍ജയില്‍ വന്‍ വാഹന മോഷണ സംഘം പിടിയില്‍
text_fieldsഷാര്‍ജ: ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ നിന്ന് വിലകൂടിയ വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന വന്‍ മോഷണ സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളെ ഷാര്‍ജ പൊലീസ് പിടികൂടി. ആഢംബര വാഹനങ്ങള്‍ കളവ് പോയതുമായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വംശജരായ ആറ് പേര്‍ പിടിയിലായത്. വാഹനങ്ങള്‍ സർവീസ് നടത്തുന്ന സ്ഥാപനങ്ങളുടെ സഹായത്തിെൻറ മറ പിടിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ഇത് മനസിലാക്കിയ അന്വേഷണ സംഘം ഇത്തരം കേന്ദ്രങ്ങളിലത്തെി പരിശോധന നടത്തി, ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളുടെ കേന്ദ്രങ്ങളെ കുറിച്ചും നീക്കങ്ങളെ കുറിച്ചും വിവരം ലഭിച്ചത്. ഇവര്‍ മോഷ്ടിച്ച് കൊണ്ട് വരുന്ന വാഹനങ്ങള്‍ വില്‍ക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തിരുന്നതും മേപ്പടി സ്ഥാപനങ്ങളായിരുന്നുവെന്ന് ഷാര്‍ജ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഫൈസല്‍ ഇബ്രാഹീം ബിന്‍ നാസര്‍ പറഞ്ഞു.
സംഘത്തില്‍ കൂടുതലാളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അലക്ഷ്യമായി നിറുത്തിയിടുന്ന വാഹനങ്ങളും യന്ത്രത്തിന്‍െറ പ്രവര്‍ത്തനം നിറുത്താതെ ഡ്രൈവറില്ലാതെ കിടക്കുന്ന വാഹനങ്ങളുമായിരുന്നു ഇവരുടെ പ്രധാന ഉന്നം.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോയവാരം സമാനമായ കേസില്‍ നിരവധി പേരാണ് പിടിയിലായത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിരവധി വാഹനങ്ങള്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് മോഷണം പോയതുമായി ബന്ധപ്പെട്ട പരാതികളുണ്ട്.
റിക്കവറി വാഹനം ഉപയോഗിച്ച് വാഹനം കടത്തി കൊണ്ടുപോകുന്നതിനിടയില്‍ ഉടമ തന്നെ കള്ളനെ പിടിച്ച സംഭവം ഷാര്‍ജയിലെ അല്‍താവൂന്‍ ഭാഗത്ത് നടന്നിരുന്നു.