വാറ്റ്: കരട് നിയമങ്ങൾ ഇൗയാഴ്ച പാസാക്കിയേക്കും
text_fieldsഅബൂദബി: മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടെയുള്ള നികുതികൾ ക്രമീകരിക്കാനുള്ള കരട് നിയമങ്ങൾ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) ഇൗയാഴ്ച പാസാക്കിയേക്കും. പ്രത്യേക നികുതികളുടെ വിശദാംശങ്ങൾ കരട് നിയമത്തിൽ ഉൾപ്പെടുത്തില്ലെങ്കിലും നികുതി പിരിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന പതിനാറാമത് നിയമ നിർമാണ ചാപ്റ്ററിെൻറ രണ്ടാമത് ക്രമാനുസൃത സെഷനിലെ ഒമ്പത്, പത്ത് യോഗങ്ങളിലാണ് ഇതു സംബന്ധിച്ച ചർച്ച നടക്കുക. 2018 ജനുവരി ഒന്ന് മുതൽ അഞ്ച് ശതമാനം വാറ്റ് നടപ്പാക്കുമെന്ന് നേരത്തെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോർപറേറ്റ് നികുതിയും വരുമാന നികുതിയും അടക്കമുള്ള മറ്റു ബദൽ വരുമാന മാർഗങ്ങൾ ഇൗ കാലയളവിൽ നടപ്പാക്കുന്നത് പരിഗണനയിലില്ലെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിൻ ഹുമൈദ് ആൽ തായിർ വ്യക്തമാക്കി. വാറ്റ് നടപ്പാക്കുന്നതിന് മുമ്പായി വളരെയധികം മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. നികുതി നിയമങ്ങൾക്ക് അനുസൃതമായ തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കാൻ സ്വകാര്യ മേഖലക്ക് സാവകാശം ആവശ്യമാണ് അതിനാലാണ് എല്ലാവർക്കും ആവശ്യമായ സമയം അനുവദിക്കുന്നതെന്നും ഉബൈദ് ബിൻ ഹുമൈദ് ആൽ തായിർ പറഞ്ഞു.
വാറ്റ് നടപ്പാക്കി ആദ്യ വർഷത്തിൽ 1.2 കോടി ദിർഹം ശേഖരിക്കാനാവുമെന്ന് കണക്കാക്കുന്നതായി സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ആൽ ഖൂരി അറിയിച്ചു.
ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ വിവിധ സ്രോതസ്സുകളിൽനിന്ന് വരുമാനം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് വാറ്റ് നടപ്പാക്കാൻ ജി.സി.സി രാജ്യങ്ങൾ തീരുമാനിച്ചത്. സർക്കാർ വരുമാനം വൈവിധ്യവത്കരിച്ചും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ജി.സി.സിയിലെ സാമ്പത്തിക ഏകീകരണത്തിന് അന്താരാഷ്്ട്ര മോണിറ്ററിങ് ഫണ്ട് (െഎ.എം.എഫ്) ശിപാർശ ചെയ്യുന്നുണ്ട്.
വാറ്റ് നടപ്പാക്കുന്നതിന് മുന്നോടിയായി കമ്പനികൾ ജി.സി.സി വാറ്റ് സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. 18.7 ലക്ഷം ദിർഹത്തിനും 37.5 ലക്ഷം ദിർഹത്തിനും ഇടയിൽ വാർഷിക വരുമാനമുള്ള കമ്പനികളാണ് വാറ്റ് നടപ്പാക്കലിെൻറ ആദ്യ ഘട്ടത്തിൽ ഇൗ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടത്. ക്രമേണ എല്ലാ കമ്പനികൾക്കും രജിസ്ട്രേഷൻ നിർബന്ധമാവും.
പൂർണമായും വിദേശ ഉടമസ്ഥതയിലുള്ളവ അടക്കമുള്ള ഫ്രീസോണിലെ കമ്പനികൾക്ക് നികുതി ബാധകമാക്കില്ല. കൂടാതെ 100 ഭക്ഷ്യവസ്തുക്കൾ, ആരോഗ്യം, വിദ്യാഭ്യാസം, സൈക്കിളുകൾ, സാമൂഹിക സേവനങ്ങൾ എന്നിവയെ വാറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.