മലയാളി കൂട്ടായ്മ ‘അക്മ’ക്ക് സി.ഡി.എ അംഗീകാരം
text_fieldsദുബൈ: ദുബൈയിലെ ഒരു മലയാളി കൂട്ടായ്മക്ക് കൂടി കമ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ)യുടെ അംഗീകാരം. അല്‍ഖൂസിലെ അല്‍ഖൈല്‍ ഗേറ്റ് ഫ്ളാറ്റ്സമുച്ചയത്തിലെ മലയാളി താമസക്കാരുടെ കൂട്ടായ്മയായ ‘അക്മ’ക്കാണ് സി.ഡി.എയുടെ സോഷ്യല്‍ ക്ളബ്ബ് ലൈസന്‍സ് ലഭിച്ചത്.
സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ദുബൈയില്‍ പത്തില്‍ താഴെ ഇന്ത്യന്‍ സംഘടനകള്‍ക്ക് മാത്രമാണ് സി.ഡി.എ ലൈസന്‍സുള്ളതെന്നറിയുന്നു. ഇതില്‍ മലയാളി സംഘടനകള്‍ വളരെ വിരളമാണ്. 66ാം നമ്പറായാണ് അക്മക്ക് ലൈസന്‍സ് ലഭിച്ചത്. കെ.എം.സി.സി, സാന്ത്വനം, എം.എസ്.എസ് തുടങ്ങിയവയാണ് സി.ഡി.എ അംഗീകാരമുള്ള മറ്റു മലയാളി കൂട്ടായ്മകള്‍.
നാനൂറോളം മലയാളി കുടുംബങ്ങള്‍ അംഗമായ അക്മയുടെ ഓഫീസിന്‍െറ ഒൗപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ അല്‍ഖൂസില്‍ നടന്നു. യു.എ.ഇ കാബിനറ്റ് മന്ത്രാലയത്തിലെ ഗവണ്‍മെന്‍റ് ആക്സിലറേറ്റേഴ്സ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ശാലിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സുല്‍ രാജു ബാലകൃഷ്ണനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ത്യന്‍ സാമൂഹിക ഘടനയുടെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ദുബൈയില്‍ ഇന്ത്യന്‍ സാംസ്കാരിക സംഘടനകള്‍ അനിവാര്യമാണെന്ന് ഗവണ്‍മെന്‍റ് ആക്സിലറേറ്റേഴ്സ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ശാലി പറഞ്ഞു. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടന്നു വരികയാണ്. യു.എ.ഇ അടഞ്ഞ കുടുംബങ്ങളെയോ സമൂഹങ്ങളെയോ അല്ല ആഗ്രഹിക്കുന്നത്. പാരസ്പര്യത്തിന്‍െറ അന്തരീക്ഷമാണ്. ആര്‍ക്കും ഇവിടെ ജീവിക്കാം. ഒറ്റ നിബന്ധന മാത്രമേയുള്ളൂ. എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയണം- സുല്‍ത്താന്‍ അല്‍ ശാലി പറഞ്ഞു. അക്മ പ്രസിഡന്‍റ് കെ.എ.ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ രാജു ബാലകൃഷ്ണന്‍, ബഷീര്‍ തിക്കോടി, സജില ശശീന്ദ്രന്‍, രാജീവ് പിള്ള, കെ.എം.അബ്ബാസ്, പി.എ.ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.വി.ബൈജു സ്വാഗതവും കിഷോര്‍ ബാബു നന്ദിയും പറഞ്ഞു.