ഡ്രോണുകള്‍ പറത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമായി
text_fieldsദുബൈ: സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ പറത്താന്‍ ശ്രമിച്ചാല്‍ 20,000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. വ്യോമയാന പെരുമാറ്റ ചട്ടങ്ങളും നിരക്കുകളും ഉള്‍ക്കൊള്ളുന്ന ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിന് ദുബൈ ഭരണാധികാരിയും കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞ ദിവസം അംഗീകരിച്ചതോടെയാണിത്. ഡ്രോണുകളുള്‍പ്പെടെ ഏതു തരം ആകാശപ്പറക്കലിനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ.എ)യില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം. ഒരു വര്‍ഷമാണ് ലൈസന്‍സ് കാലാവധി. പിന്നീട് വര്‍ഷാവര്‍ഷം അപേക്ഷ നല്‍കി ഇതു പുതുക്കണം. കൂറ്റന്‍ ബലൂണുകളുയര്‍ത്തുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും വിമാനങ്ങളിലും ഡ്രോണുകളിലും കാമറ ഘടിപ്പിച്ച് ഫോട്ടോ എടുക്കുന്നതിനും അനുമതി ആവശ്യമാണ്.
സ്വകാര്യ ജെറ്റുകളുടെ ലാന്‍റിംഗ് നിരക്കും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, പരിശീലന, വിനോദ സ്ഥാപനങ്ങളും പരിപാടി നടത്തിപ്പുകാരും നല്‍കേണ്ട ഫീസ് നിരക്കും തീരുമാനിച്ചിട്ടുണ്ട്.
ലൈസന്‍സും എന്‍.ഒ.സിയും ഇല്ലാതെ വ്യോമയാന പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കു മേല്‍ 5000 ദിര്‍ഹം പിഴ അടക്കണം. എന്‍.ഒ.സി നേടാതെ എയര്‍ഷോ നടത്തിയാല്‍ 30,000 ദിര്‍ഹം പിഴ വീഴും.
വ്യോമഗതാഗതത്തിന് തടസമുണ്ടായാല്‍ പിഴ വര്‍ധിക്കും. അനുമതിയില്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് 2000 മുതല്‍ 20000 വരെ പിഴ വരും.