ദുബൈ പൊലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നു
text_fieldsദുബൈ: സാര്‍വദേശീയ വനിതാ ദിനത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ലാ ഖലീഫ അല്‍ മറിയുടെ അനുമോദന സന്ദേശം. രാജ്യത്തിന്‍െറ വികസന പ്രക്രിയയില്‍ എന്നും വനിതകള്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും സമൂഹത്തിന്‍െറ സുരക്ഷക്കായി നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏറെ വിലമതിക്കുന്നുവെന്നും മേജര്‍ ജനറല്‍ അല്‍ മറിയുടെ സന്ദേശം പറയുന്നു. സ്ത്രീകളും പുരുഷനും തുല്യരാണെന്നും രാജ്യവികസനത്തില്‍ സ്ത്രീ പങ്കാളിത്തം പരമപ്രധാനമാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ക്രിയാത്മകവും നേതൃപരവുമായ പ്രവര്‍ത്തനമാണ് സ്ത്രീകള്‍ നിര്‍വഹിക്കുന്നതെന്നും രാജ്യം നല്‍കുന്ന പിന്തുണ എല്ലാ സ്ത്രീകളും നേടിയെടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദുബൈ പൊലീസ് ആസ്ഥാനത്ത് പ്രത്യേകം സംഘടിപ്പിച്ച കൂട്ടായ്മയില്‍ വനിതാ ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയവും നടത്തി. അതേ സമയം ദുബൈ പൊലീസിന്‍െറ ഉന്നത പദവികളില്‍ സ്ത്രീ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നതായി ക്വാളിറ്റി എക്സലന്‍സ് വിഭാഗം അസി. കമാന്‍റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. അബ്ദുല്‍ ഖുദ്ദൂസ് അബ്ദുല്‍ റസാഖ് അല്‍ ഉബൈദി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളില്‍ ഡയറക്ടര്‍ പദവിയിലുള്‍പ്പെടെയാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുക. ഇതിനായി പ്രത്യേക ശേഷി വികസന പരിശീലനവും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും.
രാജ്യത്തെ സ്ത്രീകള്‍ ഏത് ഉത്തരവാദിത്വവും കാര്യപ്പിടിപ്പോടെ നിറവേറ്റാന്‍ ശേഷിയുള്ളവരാണെന്ന് പലവുരു തെളിയിച്ചിട്ടുണ്ടെന്നും സമൂഹത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ കൂടുതലായി മുന്നോട്ടുവരുന്നത് ആഹ്ളാദകരമാണെന്നും മനുഷ്യാവകാശ വിഭാഗത്തിന്‍െറ മനുഷ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാത്വിമാ അല്‍ കിന്ദി പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കുന്ന പിന്തുണകള്‍ക്ക് രാഷ്ട്ര നേതാക്കളോട് അവര്‍ കടപ്പാട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
