അനധികൃതമായി വില്‍പനക്കു വെച്ച 12 ടണ്‍ ഭക്ഷണം നഗരസഭ പിടിച്ചെടുത്തു
text_fieldsദുബൈ: വൃത്തിഹീനമായ ചുറ്റുപാടില്‍ നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ച് വില്‍പനക്ക് വെച്ചിരുന്ന 12 ടണ്‍ ഭക്ഷണം ദുബൈ നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു. മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതുമായ ഇറച്ചി, മീന്‍, പഴം-പച്ചക്കറി വര്‍ഗങ്ങളാണ് മുഹൈസിന-2 വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന അനധികൃത ചന്തയില്‍ നിന്ന് കണ്ടത്തെിയത്. പരിശോധനക്കിടെ 16 അനധികൃത കച്ചവടക്കാരെയും പിടികൂടിയതായി നഗരസഭയിലെ പരിസ്ഥിതി- അടിയന്തിര വിഭാഗം മേധാവി മുഹമ്മദ് അല്‍ ബലൂഷി അറിയിച്ചു.
തുറസായ സ്ഥലത്താണ് കച്ചവടം നടത്തി വന്നത്. മീനും ഇറച്ചിയും സുരക്ഷിതമായി സൂക്ഷിക്കേണ്ട ഫ്രീസറോ ഐസോ ഇല്ലാതെയാണ് ഇവിടെ വിറ്റിരുന്നത്. ചില ഭക്ഷ്യവസ്തുക്കളാവട്ടെ ലോറികളിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പൊടിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്ന് അല്‍ ബലൂഷി പറഞ്ഞു. മനുഷ്യര്‍ക്ക് ഹാനികരമായ ഭക്ഷണം വില്‍പന നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നഗരസഭ എല്ലാ മാര്‍ക്കറ്റുകളിലും നിരന്തര പരിശോധന നഗരസഭാ അധികൃതര്‍ നടത്തി വരുന്നുണ്ട്.
ജബല്‍ അലി വ്യവസായ മേഖല, അല്‍ ഖൂസ്, മുഹൈസിന എന്നിവിടങ്ങളിലാണ് പ്രധാനമായും ലൈസന്‍സില്ലാത്ത ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ കുറഞ്ഞ വിലക്ക് ഭക്ഷണം കിട്ടുന്നത് ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടല്ല ഈ പരിശോധനകളും നടപടികളും മറിച്ച് അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരസഭയുടെ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുന്നുണ്ട്. പരിശോധനയില്‍ പിടിച്ചെടുക്കുന്നവയില്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ വസ്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് ഈ ഭക്ഷണം എത്തിച്ചു നല്‍കുന്നതിന് ദാറുല്‍ ബിര്‍ സൊസൈറ്റിയുമായി നഗരസഭ ധാരണ തയ്യാറാക്കിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജന വിഭാഗം, മാനവ വിഭവ ശേഷി മന്ത്രാലയം, അല്‍ ഖൂസ് പൊലീസ് സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
