അബൂദബി കേരള സോഷ്യൽ സെൻറർ നവീകരണത്തിന് 20 ലക്ഷം ദിർഹത്തിെൻറ പദ്ധതി
text_fieldsഅബൂദബി: തലസ്ഥാനത്തെ മലയാളികളുടെ പ്രമുഖ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള സോഷ്യൽ സെൻറർ വിപുല സൗകര്യങ്ങളോടെ നവീകരിക്കുന്നു. സർക്കാർ അംഗീകാരത്തോടെ 1972 മുതൽ കേരള ആട്സ് സെൻറർ എന്ന പേരിൽ ആരംഭിച്ച സംഘടന 1984 ലാണ് കേരള സോഷ്യൽ സെൻറർ എന്ന പേര് സ്വീകരിച്ചത്. മദീനാ സായിദിൽ നിലകൊള്ളുന്ന ഇപ്പോഴത്തെ ആസ്ഥാനം 1996 ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് ഉദ്ഘാടനം ചെയ്തത്.
ആയിരത്തഞ്ഞൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റേജ്, വിശാലമായ ഓഫീസുകൾ, പതിനായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയം, വായനശാല, ഗ്രീൻ റൂമുകൾ, മിനി ഓഡിറ്റോറിയം എന്നീ സൗകര്യങ്ങെളല്ലാമുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥകളിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് സെൻറററിനൊരു മേൽക്കൂര എന്ന ആശയം പ്രാവർത്തികമാക്കുന്നതെന്ന് ആലോചനാ യോഗത്തിൽ പ്രസിഡൻറ് പി. പത്മനാഭൻ വ്യക്തമാക്കി.
ഇതിനായി കെ. ബി. മുരളി ചെയർമാനും പി. പത്മനാഭൻ ജനറൽ കൺവീനറും അബൂദബിയിലെ അംഗീകൃത സംഘടനകളുടെ പ്രസിഡൻറുമാരായ തോമസ് ജോൺ (ഇന്ത്യാ സോഷ്യൽ ആൻറ് കൾച്ചറൽ സെൻറർ), പി. ബാവഹാജി (ഇന്ത്യൻ ഇസ്ലാമിക് സെൻറർ), വക്കം ജയലാൽ (അബൂദബി മലയാളി സമാജം) എന്നിവർ വൈസ്പ്രസിഡൻറുമാരുമായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
യോഗത്തിൽ നിർമ്മാണപ്രവർത്തനങ്ങളെ കുറിച്ച് ചെയർമാൻ കെ. ബി. മുരളിയും ടെക്നിക്കൽ കമ്മിറ്റി കൺവീനർ വി. പി. കൃഷ്ണകുമാറും വിശദീകരിച്ചു. നിലവിലെ സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ടായിരിക്കും പ്രധാന ഓഡിറ്റോറിയത്തിന് മേൽക്കൂര പണിയുക. അതോടൊപ്പം മുകൾ നിലയിൽ വിശാലമായ രണ്ട് മുറികൾ പണിയും. 20 ലക്ഷം ദിർഹമാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വക്കം ജയലാൽ (അബൂദബി മലയാളി സമാജം), സഫറുള്ള പാലപ്പെട്ടി (ശക്തി തിയറ്റേഴ്സ്), ടി. എം. സലീം (ഫ്രണ്ട്സ് എ.ഡി.എം.എസ്.), അനിൽ കുമാർ (യുവകലാ സാഹിതി), ജയപ്രകാശ് (കല അബൂദബി), എം. യു. ഇർഷാദ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ശാന്തകുമാർ (കൈരളി കൾച്ചറൽ ഫോറം), ധനേഷ് കുമാർ (ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), ഫാറൂഖ് (ഐ.എം.സി.സി), ഇന്ദ്ര തയ്യിൽ (വടകര എൻ.ആർ.ഐ. ഫോറം). ഇടവ സൈഫ്, എ. കെ.ബീരാൻ കുട്ടി, നടരാരാജൻ, എൻ.വി. മോഹനൻ, കെ. ജി. സുകുമാരൻ. നാസർ ടി. എ., കെ.വി. രാജൻ, കെ. വി. ബഷീർ, എസ്. മണിക്കുട്ടൻ, കെ. ബി. ജയൻ, ബഷീർ ഷംനാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി. കെ. വിനോദ് സ്വാഗതവും വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
