സ്പെഷല്‍ ഒളിമ്പിക്സിന് അബൂദബിയുടെ ആതിഥേയത്വം: കരാര്‍ ഒപ്പുവെച്ചു
text_fieldsഅബൂദബി: അടുത്ത സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള കരാറില്‍ അബൂദബി ഒപ്പുവെച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സാന്നിധ്യത്തില്‍ തിങ്കളാഴ്ച അല്‍ ബഹ്ര്‍ കൊട്ടാരത്തിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും പങ്കെടുത്തു.
സ്പെഷല്‍ ഒളിമ്പിക്സ് യു.എ.ഇ സംഘാടക കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ആല്‍ ജുനൈബിയും അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്സ് ചെയര്‍മാന്‍ ഡോ. തിമോത്തി ഷ്റീവറുമാണ് ധാരണയില്‍ ഒപ്പുവെച്ചത്. 2016 നവംബറിലാണ് അബൂദബിയെ ആതിഥേയ രാജ്യമായി ഐകകണ്ഠ്യന തെരഞ്ഞെടുത്തത്.
2019 മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് നടക്കുക. മേളക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി.സി.സി രാജ്യമാവുകയാണ് യു.എ.ഇ. 170 രാജ്യങ്ങളില്‍നിന്നുള്ള 7,000 കായികതാരങ്ങള്‍ പങ്കെടുക്കും. 250 പരിശീലകരും ഇവര്‍ക്കൊപ്പമുണ്ടാകും. അഡ്നെക്, സായിദ് സ്പോര്‍ട്സ് സിറ്റി, ഐപിക് അറീന തുടങ്ങിയ വേദികളിലായി 22 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 500,000 കാണികളത്തെുന്ന മേള നിയന്ത്രിക്കാന്‍ 20,000 വളണ്ടിയര്‍മാരെ നിയോഗിക്കും.
തിങ്കളാഴ്ച സ്പെഷല്‍ ഒളിമ്പിക്സ് ചെയര്‍മാന്‍ ഡോ. തിമോത്തി ഷ്റീവറിന്‍െറ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഭാഷണത്തില്‍ പങ്കെടുത്തു. സ്പെഷല്‍ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന അബൂദബിയെ ഡോ. തിമോത്തി ഷ്റീവര്‍ പ്രശംസിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും സ്പോര്‍ടസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘാടക സമിതി ഐപിക് അറീനയില്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം നടത്തി. യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സില്‍ കാര്യ സഹ മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് ആല്‍ കഅബി, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ജനറല്‍ ഡയറക്ടര്‍ ജാബിര്‍ ആല്‍ സുവൈദി, സ്പെഷല്‍ ഒളിമ്പിക്സ് അബൂദബി ഉന്നതതല കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ആല്‍ ജുനൈബി, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആരിഫ് ആല്‍ അവാനി, സ്പെഷല്‍ ഒളിമ്പിക്സ് ചെയര്‍മാന്‍ ഡോ. തിമോത്തി ഷ്റീവര്‍, സി.ഇ.ഒ മേരി ഡേവിസ്, ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാക്കള്‍, സ്പെഷല്‍ ഒളിമ്പിക്സ് അന്താരാഷ്ട്ര ബോര്‍ഡ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യു.എ.ഇ ഫുട്ബാള്‍ താരങ്ങളായ ഇസ്മായില്‍ മതാര്‍, അലി ഖാസിഫ്, സുബൈത് ഖതീര്‍ എന്നിവരും സന്നിഹിതരായിരുന്നു. യു.എ.ഇ ഫുട്ബാള്‍ കളിക്കാര്‍ ഉള്‍പ്പെടെ വിവിധ കളികളില്‍ ശ്രദ്ധേയരായ താരങ്ങള്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളോടൊപ്പം കായിക വിനോദത്തില്‍ ഏര്‍പ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
