ജലശുദ്ധീകരണത്തിന് പുതിയ രാസ സംയുക്തവുമായി ന്യൂയോര്‍ക് സര്‍വകലാശാല
text_fieldsഅബൂദബി: ജലത്തില്‍നിന്ന് വിഷമാലിന്യം നീക്കം ചെയ്യുന്നതിന് ന്യൂയോര്‍ക്ക് സര്‍വകലാശാല അബൂദബിയിലെ (എന്‍.വൈ.യു.എ.ഡി) ശാസ്ത്രജ്ഞര്‍ പുതിയ വിദ്യ വികസിപ്പിച്ചു. ‘കാല്‍പ്’ എന്ന് പേരിട്ടിട്ടുള്ള ആഗിരണ ശേഷിയുള്ള ഇളം തവിട്ട് നിറമുള്ള രാസ സംയുക്തം ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയക്കാണ് തുടക്കമിട്ടിരിക്കുന്നത്. വെള്ളത്തില്‍നിന്ന് വിഷമാലിന്യങ്ങള്‍ ആഗിരണം ചെയ്താണ് ജലശുദ്ധീകരണം നടത്തുന്നത്.
എണ്ണയും വെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ ഇടുന്ന ‘കാല്‍പിന്’ അതിന്‍െറ ഭാരത്തിന്‍െറ ഏഴിരട്ടി എണ്ണയെ വെള്ളത്തില്‍നിന്ന് ആഗിരണം ചെയ്യാന്‍ സാധിക്കുമെന്ന് ശാസ്ത്ര സംഘത്തിന് നേതൃത്വം നല്‍കിയ എന്‍.വൈ.യു.എ.ഡി രസതന്ത്രജ്ഞന്‍ ദിനേശ് ഷെട്ടി അറിയിച്ചു. ജലശുദ്ധീകരണം നടത്തുന്ന വസ്തുക്കള്‍ അടിസ്ഥാന രൂപത്തില്‍ പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും ലാബില്‍ രാസ സംയുക്തമായി വികസിപ്പിച്ചെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം അറിയിച്ചു.
എന്‍ജിന്‍ ഓയിലും വാണിജ്യ ഗ്രേഡിലുള്ള ക്രൂഡ് ഓയിലും ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ലാബില്‍ കാല്‍പിന്‍െറ കാര്യക്ഷമത പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. എണ്ണക്ക് പകരം വിവിധ ചായക്കൂട്ടുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. ഒരു പരീക്ഷണത്തില്‍ ഒരു ഗ്ളാസ് വെള്ളത്തില്‍നിന്ന് അഞ്ച് മിനിറ്റ് കൊണ്ട് 80 ശതമാനം ചായക്കൂട്ടും കാല്‍പ് ആഗിരണം ചെയ്തു. 15 മിനിറ്റ് കൊണ്ട് പൂര്‍ണമായി ആഗിരണം ചെയ്തതായും ശാസ്ത്രജ്ഞര്‍ പറയുന്നു.
പുനരുപയോഗം സാധ്യമാണെന്നതാണ് കാല്‍പിന്‍െറ വലിയ സവിശേഷത. അതിനാല്‍ ജലശുദ്ധീകരണം കുറഞ്ഞ ചെലവില്‍ നടത്താന്‍ സാധിക്കും. ഇതാണ് തങ്ങളൂടെ കണ്ടുപിടിത്തത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമെന്ന് ഗവേഷകയായ ഇല്‍മ ജഹോവിച് പറഞ്ഞു. വലിയ പദ്ധതികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കാല്‍പ് വികസിപ്പിച്ചിട്ടില്ല. ലാബ് സാഹചര്യത്തില്‍ വളരെ കുറച്ച് മാത്രമാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നത്. കാല്‍പിന്‍െറ ആഗിരണ ശേഷി വര്‍ധിപ്പിക്കുന്നതും ഇത് കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്നതും സംബന്ധിച്ച ഗവേഷണത്തിലാണ് ശാസ്ത്രസംഘം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരികന്നത്. വാതകം വേര്‍തിരിക്കല്‍, നിര്‍ദോഷ ഇന്ധനം തുടങ്ങിയ ഗവേഷണ മേഖലയിലും കാല്‍പ് ഉപകാരപ്പെടുമെന്ന് ഇല്‍മ ജഹോവിച് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
