അഭിനന്ദനങ്ങള്‍; നിങ്ങളുടെ പിതാവ് ശഹീദായിരിക്കുന്നു
text_fieldsദുബൈ: വിവരം അറിഞ്ഞതും ഒരു നിമിഷം ഡോ. അമല്‍ അല്‍ ഹമ്മാദി പകച്ചു നിന്നു, പിന്നെ മക്കളായ അബ്ദുല്ലയേയും സുല്‍ത്താനെയും വിളിച്ച് പറഞ്ഞു- ‘അഭിനന്ദനങ്ങള്‍, നിങ്ങളുടെ പിതാവ് രക്തസാക്ഷിയായിരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ’. അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അബ്ദുല്‍ ഹമീദ് സുല്‍താന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ ഹമ്മാദിയുടെ ജീവിത സഖിയാണ് ഡോ. അമല്‍.
യു.എ.ഇ സായുധ സേനയില്‍ കേണല്‍ പദവി വഹിച്ചിരുന്ന ഹമ്മാദി സൈന്യത്തില്‍ നിന്ന് വിരമിച്ചെങ്കിലും പൊതുജീവിതത്തില്‍ നിന്ന് വിശ്രമമെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അങ്ങിനെയാണ് രണ്ടു വര്‍ഷമായി അഫ്ഗാനിസ്താനില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദൗത്യത്തില്‍ പങ്കെടുത്തു പോന്നത്. രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ യൗവനകാലത്തു തന്നെ തീരുമാനിച്ചുറപ്പിച്ച ആ പോരാളിക്ക് മോഹിച്ച മരണം തന്നെ ലഭിച്ചു. രാജ്യത്തിന്‍െറ സ്നേഹവായ്പ്പുകള്‍ സഹോദര രാജ്യത്തിനു പങ്കുവെക്കുന്നതിനിടെ, ഭീകരതയുടെയും പിന്തിരിപ്പന്‍ ചിന്തകളുടെയും പക്ഷക്കാര്‍ ആ ജീവനെടുത്തു. അഹ്മദ് റശീദ് സലീം അലി അല്‍ മസ്റൂഇ എം.ബി.എ ബിരുദദാരിയാണ്. പ്രസിഡന്‍റ് കാര്യ മന്ത്രാലയത്തിന്‍െറ ഭരണ നിര്‍വഹണ യൂനിറ്റില്‍ ജോലിക്ക് ചേരും മുന്‍പ് സായുധസേനക്കു വേണ്ടി ജോലികള്‍ ചെയ്തിരുന്നു. മകന്‍ ഏറെ ഹൃദയാലുവും തങ്ങളുടെ പ്രിയപ്പെട്ടവനുമായിരുന്നുവെന്ന് ഓര്‍ക്കുന്നു 75കാരനായ പിതാവ് റാശിദ് സലീം അല്‍ മസ്റൂഇ. പിതാവിന്‍െറ രക്തസാക്ഷിത്വം കുടുംബത്തിനൊന്നാകെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം തെളിച്ച പാതയിലൂടെ രാജ്യത്തിനും മനുഷ്യ സമൂഹത്തിനും വേണ്ടി പ്രവര്‍ത്തനങ്ങള്‍ തുടരാനും ഒരുക്കമാണെന്നും ഉറപ്പിച്ചു പറയുന്നു മകന്‍ മുഹമ്മദ്.
രണ്ടാഴ്ച മൂന്‍പ് ഉമ്മയേയും സഹോദരങ്ങളെയും കൂട്ടി പരിശുദ്ധ ഉംറ കര്‍മം നിര്‍വഹിച്ച് എത്തിയ ശേഷമാണ് അഹ്മദ് അബ്ദു റഹ്മാന്‍ അഹ്മദ് അല്‍ തുനൈജി കാബൂളിലേക്ക് തിരിച്ചത്. അബൂദബി ഭക്ഷ്യ നിയന്ത്രണ വിഭാഗത്തിലെ മാനേജറായിരുന്ന ഇദ്ദേഹം കാബൂളിലെ എമ്പസിയില്‍ ഉപദേശകനായിരുന്നു. തന്‍െറ തോട്ടത്തിനരികില്‍ ഒരു പള്ളി പണിയാന്‍ തുടങ്ങിയിരുന്നു അഹ്മദ് തുനൈജി. സഹോദരന്‍െറ ആഗ്രഹം സഫലമാക്കുമെന്ന് സഹോദരന്‍ റാശിദ് അല്‍ തുനൈജി പറഞ്ഞു.
അമേരിക്കയില്‍ നിന്ന് നഗരാസൂത്രണം പഠിച്ച മുഹമ്മദ് അലി മുഹമ്മദ് സൈനല്‍ അല്‍ ബസ്തകി 2007 മുതലാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷനില്‍ ജോലി ആരംഭിച്ചത്.2013ല്‍ എംബസിയില്‍ പ്രസിഡന്‍ഷ്യല്‍ കാര്യ വിഭാഗത്തില്‍ ചേരുകയായിരുന്നു.
അബ്ദുല്ലാ മുഹമ്മദ് ഈസാ അല്‍ കാബിയുടെ കുടുംബം ഞെട്ടല്‍ മറച്ചുവെക്കുന്നില്ല. അതേ സമയം മാനവിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം അര്‍പ്പിച്ചതില്‍ ഞങ്ങളേവരും അഭിമാനിക്കുന്നുവെന്ന് ഒരേ ശബ്ദത്തില്‍ പറയുന്നു. പ്രസിഡന്‍റ് കാര്യ മന്ത്രാലയത്തില്‍ മുതിര്‍ന്ന റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം രണ്ടു വര്‍ഷമായി എംബസിയിലെ തേര്‍ഡ് സെക്രട്ടറിയായിരുന്നു.
കഠിനാധ്വാനത്തിലും ഹൃദയവിശാലതയിലും പേരുകേട്ടിരുന്ന അല്‍ കാബിയുടെ പൈതൃകം നിലനില്‍ക്കും-അദ്ദേഹത്തിന്‍െറ മക്കളിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.