ഈത്തപ്പനകളുടെ ജനിതക ബാങ്ക് ഒരുങ്ങുന്നു
text_fieldsഅബൂദബി: യു.എ.ഇയുടെ ഈത്തപ്പന ഇനങ്ങള്‍ സംരക്ഷിക്കുന്നതിന് യൂനൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍വകലാശാലയിലെ (യു.എ.ഇ.യു) ഈത്തപ്പന വികസന ഗവേഷണ യൂനിറ്റ് (ഡി.പി.ഡി.ആര്‍.യു) ജനിതക ബാങ്കിന് പദ്ധതി ആസൂത്രണം ചെയ്യുന്നു. ദബാസ്, ഖലാസ്, കുനൈസി, ഫാര്‍ത്, ബൂമാന്‍, ലുലു തുടങ്ങി യു.എ.ഇയിലെ 200ലധികം ഈത്തപ്പന ഇനങ്ങളില്‍നിന്ന് 150 എണ്ണം ഉള്‍പ്പെടുത്തിയാണ് ജനിതക ബാങ്ക് ആരംഭിക്കുക.
ടിഷ്യൂ കള്‍ച്ചറിലൂടെ രാജ്യത്തെ ഈത്തപ്പഴ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി 1989ലാണ് ഡി.പി.ഡി.ആര്‍.യു സ്ഥാപിച്ചത്. യൂനിറ്റിന്‍െറ പ്രവര്‍ത്തനത്തിലെ അടുത്ത സ്വാഭാവിക ഘട്ടമാണ് ജനിതക ബാങ്ക് സംസ്ഥാപനമെന്ന് ഡി.പി.ഡി.ആര്‍.യു മേധാവി മൂസ ആല്‍ ശംസി അഭിപ്രായപ്പെട്ടു.
ഡി.പി.ഡി.ആര്‍.യു ലാബിലാണ് ജനിതക ബാങ്ക് സജ്ജീകരിക്കുക. യു.എ.ഇ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഖലീഫ ജനിതക എന്‍ജിനീയറിങ്-ജൈവസാങ്കേതികവിദ്യ സെന്‍ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.ഡി.ആര്‍.യു ഇതു വരെ 65 ഇനങ്ങളിലായി പത്ത് ലക്ഷം ഈത്തപ്പനകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്. ടിഷ്യൂ കള്‍ച്ചര്‍ സംവിധാനത്തിലൂടെ പ്രതിവര്‍ഷം 60,000 മുതല്‍ 80,000 വരെ തൈകള്‍ യൂനിറ്റ് വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
