ഇന്ത്യ-യൂ.എ.ഇ വാണിജ്യബന്ധം കൂടുതല്‍ ശക്തമാകും - ഡോ. റാശിദ് ബിന്‍ അഹമ്മദ് ബിന്‍ ഫഹദ്
text_fieldsഅബൂദബി: ഇന്ത്യയുമായുള്ള യു.എ.ഇയുടെ വാണിജ്യബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് യു.എ.ഇ സഹമന്ത്രി ഡോ. റാശിദ് ബിന്‍ അഹമ്മദ് ബിന്‍ ഫഹദ് അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനിക്ഷേപത്തിന് ഇന്ത്യ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഡിജിറ്റലൈസേഷന്‍ നീക്കങ്ങളും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനവും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനവും ബിസിനസ് മേഖലക്ക് പുതിയ ഊര്‍ജം നല്‍കിയതായും ഡോ. റാശിദ് ബിന്‍ അഹമ്മദ് ബിന്‍ ഫഹദ് പറഞ്ഞു.
ഡോ. റശീദ് അഹമ്മദ് ബിന്‍ ഫഹദിന്‍െറ നേതൃത്വത്തില്‍ ബിസിനസുകാരും നിക്ഷേപകരുമടങ്ങുന്ന 50 അംഗ സംഘമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം 13ാമത് വൈബ്രന്‍റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യവസായ-വാണിജ്യ തലവന്മാരുമായി സംവദിച്ചു. നിക്ഷേപകര്‍ക്ക് ആവശ്യമായ അനുകൂല സാഹചര്യം ഒരുക്കുന്നതില്‍ ഗുജറാത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് എമേഴ്സണ്‍ ഇലക്ര്ട്രിക് കമ്പനി ചെയര്‍മാന്‍ ഡേവിഡ് ഫാര്‍ പറഞ്ഞു.
ഭാവി വളര്‍ച്ചക്ക് മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്‍റ് തോഷിഹിറോ സുസുക്കി, ഡി.പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈ, ബോയിങ് പ്രസിഡന്‍റ് ബെര്‍ട്രാന്‍ഡ് മാര്‍ക് അലന്‍, സിസ്കോ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്സ്, ലുലു ചെയര്‍മാന്‍ എം.എ. യൂസുഫലി എന്നിവരും സംഗമത്തില്‍ സംബന്ധിച്ചു.
ഇന്ത്യയിലെ ബിസിനസ് രംഗത്തെ അതികായകരായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, ആദി ഗോദ്റെജ്, അനില്‍ അംബാനി എന്നിവരടക്കം നിരവധി പ്രമുഖരും സി.ഇ.ഒ കോണ്‍ക്ളേവില്‍ പങ്കെടുത്തു.