ഭരണ നിര്‍വഹണത്തിന് പ്രാപ്തരാക്കാന്‍ പുതിയ പഠന കോഴ്സുകളുമായി എം.ബി.ആര്‍.എസ്.ജി
text_fieldsദുബൈ: ഭാവി ഭരണ നിര്‍വഹണത്തിന് പ്രാപ്തരായ നയ രൂപകര്‍ത്താക്കളെയൂം ഉദ്യോഗസ്ഥരെയും വാര്‍ത്തെടുക്കാന്‍ മുഹമ്മദ് ബിന്‍ റാശിദ് സ്കൂള്‍ ഒഫ് ഗവര്‍മെന്‍റ് ( എം.ബി.ആര്‍.എസ്.ജി) നൂതനമായ പാഠ്യപദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നു.
നിലവില്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന തലങ്ങളിലേക്ക് വളരാനും വിദ്യാര്‍ഥികള്‍ക്ക് ഭരണ നിര്‍വഹണം സംബന്ധിച്ച മികച്ച കാഴ്ചപ്പാടോടെ പഠനം പൂര്‍ത്തിയാക്കാനും അവസരം നല്‍കുന്നതാണ് പദ്ധതികള്‍. മാസ്റ്റര്‍ ഇന്‍ ഇന്നവേന്‍ഷന്‍ മാനേജ്മെന്‍റ് (എം.ഐ.എം), എക്സിക്യുട്ടിവ് മാസ്റ്റര്‍ ഒഫ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍ (ഇ.എം.പി.എ), മാസ്റ്റര്‍ ഒഫ് പബ്ളിക് പോളിസി (എം.പി.പി) എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് തുടങ്ങുന്നത്.
ദുബൈയെ നാളെയുടെ നഗരമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് ഉതകും വിധത്തില്‍ ആവിഷ്കരിക്കുന്ന നിരന്തര പരിശീലന പഠന പദ്ധതികളുടെ ഭാഗമായാണ് ലോക നിലവാരത്തിലുള്ള സിലബസിലൂന്നിയ കോഴ്സുകളെന്ന് പ്രഖ്യാപന ചടങ്ങില്‍ എം.ബി.ആര്‍.എസ്.ജി ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് അല്‍ ഖതമി വ്യക്തമാക്കി. ആധുനിക ലോകത്തിന്‍െറ മാറ്റങ്ങള്‍ക്ക് അനുസൃതമായി സ്വീകരിക്കുന്ന ദേശീയ തല നൂതന തന്ത്രങ്ങളിലധിഷ്ഠിതമായാണ് എം.ഐ.എം സിലബസ്. അറബിയിലാണ് ഇ.എം.പി.എ പാഠ്യപദ്ധതി. രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലെയും ഭരണനിര്‍വഹണവും നയരൂപവത്കരണത്തിന്‍െറ പ്രായോഗിക രീതികളും ഇതില്‍ ഉള്‍ക്കൊള്ളിക്കും.
ഉന്നത തല നയ രൂപവത്കരണ പരിശീലനത്തിനും നയതന്ത്ര വികസനത്തിനും ഊന്നല്‍ നല്‍കുന്ന എം.പി.പിയില്‍ വിദ്യാഭ്യാസം, ആരോഗ്യം, വികസനം, സാമൂഹിക നയം, ശാസ്ത്ര സാങ്കേതിക എന്നീ വിഷയങ്ങളില്‍ ഒന്നില്‍ പ്രത്യേക പഠനം നടത്താനാവുന്ന രീതിയിലാണ് പാഠ്യപദ്ധതി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥര്‍ക്ക് കോഴ്സില്‍ ചേര്‍ന്നു പഠിക്കുന്നതിന് സ്കോളര്‍ഷിപ്പ് നല്‍കുന്നത് സംബന്ധിച്ച് കാബിനറ്റ്- ഭാവി കാര്യ മന്ത്രാലയവുമായി ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ട്.എമിറേറ്റ്സ് ഡ്രൈവിംഗ് കമ്പനി ചെയര്‍മാന്‍ ഡോ. തയ്യബ് അമാനുല്ലാഹ് മുഹമ്മദ് കമാലി, എം.ബി.ആര്‍.എസ്.ജി എക്സി. പ്രസിഡന്‍റ് ഡോ. അലി സേബാ അല്‍ മാരി, പ്രഫ. റഈദ് അവാംലീ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
