ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്: കിരീടം ലക്ഷ്യമിട്ട് ഫെഡററും മറേയും എത്തി
text_fieldsദുബൈ: ഡ്യൂട്ടിഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ 25ാം പതിപ്പില്‍ മാറ്റുരക്കാനായി ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറേയും ഒമ്പത് തവണ ചാമ്പ്യനായ റോജര്‍ ഫെഡററും നഗരത്തിലത്തെി. ജുമൈറയില്‍ ബുര്‍ജുല്‍ അറബ് ഹോട്ടലിന് സമീപത്തെ കടല്‍ത്തീരത്ത് ഇരുവരും പരിശീലനം നടത്തുകയും ചെയ്തു. ഇരുവരും നെറ്റിന് അപ്പുറവും ഇപ്പുറവും നിന്ന് മണല്‍പരപ്പില്‍ സൗഹൃദ പരിശീലനവും നടത്തി. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ തന്‍െറ 18ാം ഗ്രാന്‍റ്സ്ളാം കിരീടം ചൂടിയ ഫെഡറര്‍ ദുബൈയിലെ എട്ടാം കിരീടം ലക്ഷ്യമിട്ട് നല്ല ആവേശത്തിലാണ്. തിങ്കളാഴ്ചയാണ് ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ പുരുഷവിഭാഗം മത്സരങ്ങള്‍ തുടങ്ങുന്നത്.
ദുബൈ ടൂര്‍ണമെന്‍റ് കളിക്കാര്‍ക്കെല്ലാം ഇഷ്ടമാണെന്ന് ഫെഡറര്‍ പറഞ്ഞു. മികച്ച സംഘാടനവും സൗകര്യവും നല്ല കാണികളുമാണ് ഇതിന് കാരണമെന്ന് മത്സരത്തിനായി കാത്തിരിക്കുകയാണെന്നും സ്വിസ് താരം പറഞ്ഞു.
വിംബിള്‍ഡണ്‍, ഒളിമ്പിക്സ്, എ.ടി.പി ഫൈനല്‍സ് എന്നിവയില്‍ ചാമ്പ്യനായ ബ്രിട്ടീഷ് താരം ആന്‍ഡി മറേക്കും ദുബൈയെക്കുറിച്ച് പറയാന്‍ നൂറു നാവാണ്. വര്‍ഷങ്ങളായി താന്‍ ഇവിടെ കളിക്കുന്നു.ആസ്ട്രേലിയന്‍ ഓപ്പണ് ശേഷം താന്‍ വിശ്രമത്തിലായിരുന്നു.അതുകൊണ്ടുതന്നെ വീണ്ടും കളത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണ്-മറേ പറഞ്ഞു.
മാര്‍ച്ച് നാലു വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലാന്‍റിന്‍െറ സ്റ്റാന്‍ വാവ്റിങ്ക, രണ്ടു തവണ ഫൈനല്‍ കളിച്ച ടോമസ് ബെര്‍ദിച്ച് തുടങ്ങിയവരും കളത്തിലിറങ്ങുന്നുണ്ട്.