ഒ.എന്‍.വി-അഴീക്കോട് അനുസ്മരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
text_fieldsഅബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍ററും (കെ.എസ്.സി) ശക്തി തിയറ്റേഴ്സും ചേര്‍ന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒ.എന്‍.വി-അഴീക്കോട് അനുസ്മരണ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. ശനിയാഴ്ച വരെ നീളുന്ന പരിപാടികള്‍ കെ.എസ്.സിയിലും മുസഫ അബൂദബി മലയാളി സമാജത്തിലുമാണ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പൂര്‍ണ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡിലീസ്റ്റിലെ ആദ്യ പരിപാടിയാണ് ഇതെന്നും അവര്‍ പറഞ്ഞു.
'ഒ.എന്‍.വി-സുകുമാര്‍ അഴീക്കോട് സ്മരണ: നിതാന്ത ജാഗ്രതയുടെ ഓര്‍മപ്പെടുത്തലുകള്‍' എന്ന പേരിലുള്ള സാംസ്കാരിക പരിപാടികള്‍ മുന്‍ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍, പിന്നണി ഗായിക രാജലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ വൈശാഖന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഒ.എന്‍.വി-അഴീക്കോട് സ്മൃതി ഉദ്ഘാടനത്തിന് ശേഷം ‘അഴീക്കോടിന്‍െറ സംവാദ മണ്ഡലങ്ങള്‍' വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും ‘ഒ.എന്‍.വിയുടെ സന്ദര്‍ഭങ്ങള്‍’ വിഷയത്തില്‍ ഇ.പി. രാജഗോപാലും പ്രഭാഷണം നടത്തും. തുടര്‍ന്ന് മുടിയാട്ടവും ഒ.എന്‍.വി കവിതകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ പത്തിന് കെ.എസ്.സി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന കവിതാക്യാമ്പില്‍ ‘കവിതയും ഭാഷയും’ വിഷയത്തില്‍ ഡോ. കെ.പി. മോഹനനും ‘കവിതയുടെ ജീവന്‍’ വിഷയത്തില്‍ ഇ.പി. രാജഗോപാലനും സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന കഥാക്യാമ്പ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ഇ.പി. രാജഗോപാലന്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കും. ‘കഥയുടെ പ്രകൃതങ്ങള്‍’ വിഷയത്തില്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. കവിതാ ക്യാമ്പിലും കഥാക്യാമ്പിലും നിരവധി എഴുത്തുകാര്‍ സംബന്ധിക്കും. രാത്രി എട്ടിന് പി. ഭാസ്കരന്‍ അനുസ്മരണം നടക്കും. തുടര്‍ന്ന് കാവാലം ശ്രീകുമാറും രാജലക്ഷ്മിയും നയിക്കുന്ന രാഗോത്സവം അരങ്ങേറും.
ശനിയാഴ്ച രാത്രി എട്ടിന് അബൂദബി മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ എം.എ. ബേബി, വൈശാഖന്‍, ഡോ. കെ.പി. മോഹനന്‍, സുഭാഷ് ചന്ദ്രന്‍ ഇ.പി. രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.സി പ്രസിഡന്‍റ് പി. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പീലിക്കോട്, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്‍റ് സഫറുല്ല പാലപ്പെട്ടി എന്നിവര്‍ പങ്കെടുത്തു.