വി.എസിനെ കാണാന്‍ ജനമൊഴുകി; അഭിവാദ്യം വിളിച്ച് യാത്രയാക്കി
text_fieldsഅബൂദബി: വി.എസ്. അച്യുതാനന്ദനെന്ന വിപ്ളവ നായകനെ കാണാന്‍ പ്രവാസി മലയാളം അബൂദബി നാഷനല്‍ തിയറ്ററിലേക്കൊഴുകി. വി.എസ് എത്തുന്നതിന് മുമ്പ് തന്നെ തിയറ്ററും പരിസരവും ജനനിബിഢമായിരുന്നു. വലിയ വാഹനത്തിരക്കും പ്രദേശത്ത് അനുഭവപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 6.45ഓടെ ‘പ്രവാസി ഭാരതി’ റേഡിയോയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ വി.എസ് നാഷനല്‍ തിയറ്ററില്‍ എത്തിയതോടെ വന്‍ കരഘോഷത്തോടെ ജനം അദ്ദേഹത്തെ സ്വീകരിച്ചു. സ്വാഗത പ്രസംഗകര്‍ വി.എസിനെ കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം വന്‍ ആവേശമാണ് സദസ്സില്‍നിന്നുണ്ടായത്.
ഉദ്ഘാടന ശേഷം കാറില്‍ കയറാന്‍ പോയ വി.എസിനൊപ്പം വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു. അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് കേരള സംസ്ഥാന ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസിന് ജനങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. മടങ്ങിപ്പോയതിന് ശേഷവും ആളുകളുടെ ചുണ്ടില്‍ വി.എസ് ആയിരുന്നു. അദ്ദേഹത്തിന്‍െറ പ്രായവും ആരോഗ്യവും അദ്ദേഹം ഇപ്പോഴും നിലനിര്‍ത്തുന്ന വിപ്ളവ വീര്യവും ജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.
നാഷനല്‍ തിയറ്ററില്‍നിന്ന് മടങ്ങവേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് വി.എസ് ഹോട്ടലിലേക്ക് പോയത്. ഇരുവരും സൗഹൃദം പങ്കുവെച്ചു. പത്ത് വര്‍ഷം താന്‍ ശ്രമിച്ചിട്ട് വി.എസിനെ യു.എ.ഇയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ളെന്ന് യൂസുഫലി ആശംസാപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് വി.എസ്. അച്യുതാനന്ദന്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയത്. വിമാനത്താവളത്തില്‍ വിവിധ പ്രവാസ സംഘടന പ്രതിനിധികളും മറ്റു പ്രമുഖരും അദ്ദേഹത്തിന് സ്വീകരണം നല്‍കി. തുടര്‍ന്ന് അബൂദബി ദൂസിത്താന ഹോട്ടലിലത്തെിയ വി.എസിനെ കാണാന്‍ നിരവധി പേര്‍ വന്നുചേര്‍ന്നു. വിവിധ എമിറേറ്റുകളില്‍നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വി.എസ് വിശ്രമിക്കുന്ന മുറിയിലത്തെി പലരും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തു. കാമറക്ക് അഭിമുഖമായി വെളിച്ചക്കൂടുതലുണ്ടായിരുന്നതിനാല്‍ സന്ദര്‍ശകരുടെ അഭ്യര്‍ഥന മാനിച്ച് കസേര നീക്കിയിട്ട് വി.എസ് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു.
ഇത്രയധികം പേര്‍ മുറിയില്‍ നില്‍ക്കുന്ന സ്ഥിതിക്ക് ആ ജനാലകളൊക്കെ തുറന്നിടൂ എന്ന് നര്‍മം പറയാനും അദ്ദേഹം മറന്നില്ല.
സംഘാടകര്‍ പരിപാടി തുടങ്ങുന്ന സമയം ഓര്‍മിപ്പിച്ചപ്പോള്‍ എന്നാലിനി പോകട്ടേയെന്നായി വി.എസ്. വൈകുന്നേരം ആറ് മണിയോടെ അദ്ദേഹം ദൂസിത്താന ഹോട്ടലില്‍നിന്ന് നാഷനല്‍ തിയറ്ററിലേക്ക് പുറപ്പെട്ടു. വി.എസിന്‍െറ കൂടെ മകന്‍ അരുണ്‍ കുമാറുമുണ്ടായിരുന്നു.