ഷാര്‍ജ വിളക്കുത്സവത്തിന് നാളെ തിരിതാഴും
text_fieldsഷാര്‍ജ: ഏഴാമത് ഷാര്‍ജ ദീപോത്സവത്തിന് ശനിയാഴ്ച സമാപനം. ലക്ഷങ്ങളുടെ മനസില്‍ വെളിച്ചത്തിന്‍െറ വര്‍ണ രാജികള്‍ കൊണ്ട് ഇന്ദ്രജാലമെഴുതിയാണ് ഷാര്‍ജ ദീപോത്സവത്തിന്‍െറ തിരി താഴുന്നത്. സാങ്കേതിക വിദ്യയുടെ കാണാതിരികള്‍ കെട്ടിട ചുവരുകളിലെഴുതുന്ന വര്‍ണ കാഴ്ചകള്‍ കാണാതെ പോകുന്നത് വലിയ നഷ്ടമാണ്. എഴുനിറങ്ങളും അവയുടെ ഉപനിറങ്ങളും ചുവരുകളിലേക്ക് പറന്ന് വന്ന് തീര്‍ക്കുന്ന സുന്ദരകാഴ്ചകാണ് അവസാനമാകുന്നത്.
ബുഹൈറ കോര്‍ണിഷിലെ ഈന്തപ്പനക്കാട്ടിലെ ഇന്‍ററാക്ടീവ് ലൈറ്റ് ഷോ കനക രാജികള്‍ കൊണ്ട് ഇടനാഴിക തീര്‍ത്താണ് കാഴ്ച്ചക്കാരെ പിടിച്ച് നിറുത്തുന്നത്. 13 ഇടങ്ങളിലായാണ് വെളിച്ചോത്സവം നടക്കുന്നത്.
ഖാലിദ് തടാകത്തെ വലയം വെച്ച് വെളിച്ചം നടത്തുന്ന അയാല നൃത്തത്തിനുമുണ്ട് ഏറെ അതൃപ്പം. അല്‍ മജാസിലെ രാക്കുളിരില്‍ പ്രകാശങ്ങളുടെ ഇളം ചൂട് കലരുമ്പോഴുണ്ടാകുന്ന വര്‍ണരാജികള്‍ക്കുണ്ട് പുതുമകളനവധി. വളരെ സമാധാനത്തോടെയും സംതൃപ്തിയോടെയും വെളിച്ചോത്സവം കാണാനുള്ള സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഷാര്‍ജയുടെ പ്രധാന വിനോദ മേഖലകളായ യുണിവേഴ്സിറ്റി സിറ്റി ഹാള്‍, കള്‍ചറല്‍ പാലസ്, അല്‍ നൂര്‍ പള്ളി, അല്‍ തഖ്വ പള്ളി, അല്‍ ഖസ്ബ, ഖാലിദ് ലഗൂണ്‍, കല്‍ബ, ഖോര്‍ഫക്കാന്‍ സര്‍വകലാശാലകള്‍, ഹിസന്‍ ദിബ്ബ, ദൈദ് പള്ളികള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളെ കോര്‍ത്തിണക്കിയാണ് വര്‍ണങ്ങളുടെ കുടമാറ്റം നടക്കുന്നത്.
സന്ധ്യ തെളിയുമ്പോള്‍ ബുഹൈറ കോര്‍ണിഷില്‍ പരേഡുമുണ്ട്. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്‍റ് അതോറിറ്റി (എസ്.സി.ടി.ഡി.എ)യാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ആറ് ലക്ഷത്തോളം പേരാണ് പോയവര്‍ഷം വെളിച്ചോത്സവം കാണാനത്തെിയത്. ഷാര്‍ജയെ കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട വിനോദമേഖലയാക്കി മാറ്റുകയാണ് ഇത്തരം ഉത്സവങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്ന് എസ്.സി.ടി.ഡി.എ ചെയര്‍മാന്‍ ഖാലിദ് ജാസിം ആല്‍ മിദ്ഫ പറഞ്ഞു. ഷാര്‍ജയുടെ പുരോഗതിയും ചരിത്രവും വെളിച്ചവും സംഗീതവും കൊണ്ടെഴുതുകയെന്ന മനോഹരമായ ആശയമാണ് സംഘാടകര്‍ മുന്നോട്ട് വെക്കുന്നത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന വെളിച്ചോത്സവം ഇതിനകം തന്നെ ലോകത്തിന്‍െറ ഇഷ്ടമായി മാറിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ ഷാര്‍ജ വെളിച്ചോത്സവത്തിന്‍െറ ഫോട്ടോകളും വീഡിയോകളും നിറഞ്ഞ് കിടക്കുകയാണ്. നേരിട്ട് കാണാനത്തെിയവരെ കടത്തിവെട്ടും സാമൂഹ്യമാധ്യമങ്ങള്‍ വഴി വെളിച്ചോത്സവം കണ്ടവര്‍. വെളിച്ചോത്സവം നടക്കുന്ന ഇടങ്ങളിലെല്ലാം വാഹനങ്ങള്‍ക്ക് നിറുത്തുവാനുള്ള വിപുലമായ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
