സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
text_fieldsഅബൂദബി: മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍രഹിതരുടെ എണ്ണം കണക്കിലെടുത്ത് യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നു.
തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടാകും പദ്ധതി തുടങ്ങുക. മാനേജ്മെന്‍റ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ പദവികളില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ കമ്പനികളെ പ്രചോദിപ്പിക്കാനുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് ഇന്‍സന്‍റീവ് അനുവദിക്കാനാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യം മേഖലകളില്‍ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകര്‍ക്ക് നിയമനം നല്‍കുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചു. ഇതിനായി ഈ മേഖലകളിലെ 166 കമ്പനികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. 7,637 തൊഴിലന്വേഷകരെ ഇമെയില്‍, ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ മുഖേന മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. 75 ദിവസത്തിനകം നിയമിക്കാനുദ്ദേശിക്കുന്ന 1,000 പേരില്‍ 46.7 ശതമാനത്തിന് 50 ദിവസത്തിനകം തന്നെ ജോലി നല്‍കും. രാജ്യത്തെ സ്വകാര്യ മേഖലയില്‍ രണ്ട് വര്‍ഷത്തിനകം 3,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. യു.എ.ഇ പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും ഇക്കാര്യത്തില്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുന്നതിനുള്ള പൈലറ്റ് പദ്ധതി 2016 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ കമ്പനികളെ സമീപിച്ചതായി മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതികരണത്തിന്‍െറ അടിസ്ഥാനത്തില്‍ ഈ കമ്പനികളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സഹകരിക്കുന്നവ, വലിയ സഹകരണമില്ലാത്തവ, ഒട്ടും സഹകരിക്കാത്തവ എന്നിങ്ങനെയാണ് കമ്പനികളെ തരം തിരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച ശേഷം ജോലി ഉപേക്ഷിക്കുന്ന പ്രവണത തടയാനുള്ള വഴികളും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ശമ്പളത്തില്‍ സംതൃപ്തരല്ലാത്തതിനാലാണ് 37.7 ശതമാനം സ്വദേശികളും സ്വകാര്യ മേഖലയില്‍ ജോലിക്ക് നില്‍ക്കാത്തതെന്ന് ദേശീയ മാനവ വിഭവ ശേഷി എംപ്ളോയ്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി ഫരീദ ആല്‍ അലി പറഞ്ഞു.
32.8 ശതമാനം പേര്‍ നിയമനം ലഭിച്ച സ്ഥലം ഇഷ്ടപ്പെടാത്തതിനാലും 11 ശതമാനം പേര്‍ കൂടുതല്‍ നല്ല ജോലി ലഭിച്ചതിനാലും 6.3 ശതമാനം പേര്‍ ജോലിദിവസങ്ങളും സമയവും സൗകര്യപ്രദമല്ലാത്തതിനാലും 2.75 ശതമാനം പേര്‍ പാര്‍ട്ട് ടൈം ജോലി ഇഷ്ടപ്പെടുന്നതിനാലുമാണ് വിട്ടുപോയത്. സ്വദേശികളെ പ്രധാന ജോലിക്ക് എടുക്കാത്തതിന് സ്വകാര്യ കമ്പനികള്‍ നിരവധി കാരണങ്ങള്‍ പറയുന്നുണ്ടെന്നും ഫരീദ ആല്‍ അലി അറിയിച്ചു.
അപേക്ഷകര്‍ക്ക് ആവശ്യമായ ഭാഷ-ആശയവിനിമയ കഴിവ് ഇല്ല എന്നാണ് 65.5 ശതമാനം കമ്പനികള്‍ പറയുന്ന കാരണം. ആവശ്യമായ യോഗ്യതയില്ല (24.3 ശതമാനം), പ്രവൃത്തിപരിചയമില്ല (6.9 ശതമാനം) യോഗ്യത കൂടുതലാണ് (2.4 ശതമാനം) എന്നീ കാരണങ്ങളും കമ്പനികള്‍ മുന്നോട്ട് വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
