മലയാളി ബസ് ഡ്രൈവറെ ആക്രമിച്ച പാകിസ്താനിയെ പൊലീസ് പിടികൂടി
text_fieldsഷാര്‍ജ: മലയാളി സ്കൂള്‍ ബസ് ഡ്രൈവറെ കുട്ടികളുടെയും അധ്യാപികമാരുടെയും മുന്നിലിട്ട് മര്‍ദിച്ച് അവശനാക്കിയ 35കാരനായ പാകിസ്താനിയെ ഷാര്‍ജ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാവിലെ അല്‍ ഇത്തിഹാദ് റോഡില്‍ ഷാര്‍ജ, ദുബൈ അതിര്‍ത്തിയിലായിരുന്നു സംഭവം. ദുബൈ എന്‍.ഐ മോഡല്‍ സ്കൂളിലെ വലിയ ബസ് ഓടിക്കുന്ന കൊല്ലം സ്വദേശി സദാശിവന്‍ (62) ആണ് ആക്രമണത്തിന് ഇരയായത്.
ശരീരമാസകലം പരിക്കേറ്റ ഇയാളെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ കുട്ടികളെയും അധ്യാപികമാരെയും കൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്നു സദാശിവന്‍. അന്‍സാര്‍ മാള്‍ കഴിഞ്ഞ ഉടനെയുള്ള പാലം ഇറങ്ങി വരികയായിരുന്നു പാകിസ്താനി ഒാടിച്ച മിനി ബസ്.
പാലം ഇറങ്ങി വന്ന ഇയാള്‍ തെറ്റായ രീതിയില്‍ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചതായി ബസിലുണ്ടായിരുന്ന അധ്യാപികമാർ പറഞ്ഞു.
എന്നാല്‍ മുന്നില്‍ സ്കൂള്‍ ബസുള്ളത് കാരണം അത് വിജയിച്ചില്ല. നിരവധി തവണ ഇയാള്‍ അത്യുച്ചത്തില്‍ ഹോണടിച്ചു. രാവിലെത്തെ തിക്കും തിരക്കും കാരണം റോഡില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ.
മുന്നോട്ട് പോകാന്‍ കുറച്ചിടം കിട്ടിയപ്പോള്‍ പാകിസ്താനി സ്കൂള്‍ ബസിന് സമീപത്ത് വാഹനം അടുപ്പിച്ച് ഡ്രൈവറെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് കൊണ്ട് അരിശം തീരാതെ ഇയാള്‍ ബസിന് കുറുകെ തന്‍െറ വാഹനം നിറുത്തി.
എന്താണ് കാരണമെന്ന് തിരക്കാനിറങ്ങിയ വയോധികനായ സദാശിവനെ ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചു. ഇത് കണ്ട് സ്കൂള്‍ കുട്ടികള്‍ നിലവിളിച്ചു.അധ്യാപികമാരും ബസിലെ സൂപ്പര്‍വൈസറും പുറത്തിറങ്ങി. ഡ്രൈവറെ പിടിച്ച് മാറ്റാന്‍ തുടങ്ങി. എന്നാല്‍ പാകിസ്താനിയുടെ മര്‍ദനം തുടര്‍ന്നു. ബസിലുണ്ടായിരുന്ന അറബി അധ്യാപിക ഉടനെ പൊലീസിനെ വിവരം അറിയിച്ചു. വാഹനവുമായി രക്ഷപ്പെടാനുള്ള പാകിസ്താനിയുടെ ശ്രമം അധ്യാപികമാര്‍ തടഞ്ഞു. ഇതിനിടയില്‍ സദാശിവന് ദേ
ാഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ അധ്യാപികമാര്‍ അംബുലന്‍സിന് ഫോണ്‍ ചെയ്തു. പൊലീസും പാരമെഡിക്കല്‍ സംഘവും ഒന്നിച്ചെത്തി. പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം ഡ്രൈവറെ കുവൈത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാകിസ്താനി നുണ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് മുന്നില്‍ വിലപോയില്ല.
32 വര്‍ഷമായി സദാശിവന്‍ സ്കൂളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടെന്ന് അധ്യാപികയായ ഷീജ ഷാജി പറഞ്ഞു.
ഇതുവരെ യാതൊരു വിധ അപകടങ്ങളും വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.