ടീം ക്യാപ്റ്റൻമാരെത്തി; കേരള ഗൾഫ് സോക്കർ നാളെ
text_fieldsഅബൂദബി: അബൂദബി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാമത് കേരള ഗൾഫ് സോക്കർ മത്സരത്തിൽ കളിക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാർ അബൂദബിയിലെത്തി. കോഴിക്കോട് ചാലഞ്ചേഴ്സ്, കാസർകോട് സ്ട്രൈക്കേഴ്സ്, മലപ്പുറം സുൽത്താൻസ്, കണ്ണൂർ ഫൈറ്റേഴ്സ് ടീമുകളുടെ ക്യാപ്റ്റന്മാരായ െഎ.എം. വിജയൻ, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, യു. ഷറഫലി എന്നിവരാണ് ബുധനാഴ്ച അബൂദബിയിലെത്തിയത്. തൃശൂർ വാരിയേഴ്സ് ക്യാപ്റ്റൻ ആസിഫ് സഹീർ, പാലക്കാട് കിക്കേഴ്സിന് നേതൃത്വം നൽകുന്ന വി.പി. ഷാജി എന്നിവർ വ്യാഴാഴ്ചയെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ പ്രശസ്തരായ ഫുട്ബാൾ താരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് അബൂദബി സായിദ് സ്പോർട്സ് സിറ്റി മൈതാനത്ത് ഉച്ചക്ക് മൂന്നിന് ആരംഭിക്കും. രാത്രി പത്ത് വരെ നീണ്ടുനിൽക്കും. മത്സരം വീക്ഷിക്കാൻ പ്രവേശനം സൗജന്യമാണ്. വിദേശ താരങ്ങളും ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. ഒരു ടീമിൽ മൂന്ന് വരെ വിദേശ താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതി.
മൂന്ന് ടീമുകളടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടത്തുക. ഒാരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും. കണ്ണൂർ ഫൈറ്റേഴ്സും പാലക്കാട് കിക്കേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇന്ത്യൻ പ്രവാസി സംഘടനകൾ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറുകളിൽ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ളതാണ് കേരള ഗൾഫ് സോക്കറെന്ന് സംഘാടകർ പറഞ്ഞു.
ചാമ്പ്യന്മാരാകുന്ന ടീമിന് 10,000 ദിർഹവും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5,000 ദിർഹവും ട്രോഫിയും സമ്മാനിക്കും. മികച്ച കളിക്കാരൻ, മികച്ച ഗോളി, കുടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്നിവർക്ക് ട്രോഫി നൽകും. മത്സരത്തിന് മുന്നോടിയായി മുഴുവൻ താരങ്ങളും അണിനിരക്കുന്ന മാർച്ച് പാസ്റ്റും സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.
കേരളത്തിലെ ഫുട്ബാൾ രംഗത്ത് പുത്തൻ ഉണർവിന് െഎ.എസ്.എൽ കാരണമായിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പെങ്കടുത്ത െഎ.എം. വിജയൻ പറഞ്ഞു.
മുൻകാലത്തുണ്ടായിരുന്നത്ര ടൂർണമെൻറുകൾ ഇപ്പോഴില്ലാത്തതാണ് കേരള ഫുട്ബാൾ രംഗത്ത് തിരിച്ചടിയായതെന്ന് മുഹമ്മദ് റാഫീ അഭിപ്രായപ്പെട്ടു. മുൻകാല താരങ്ങളായ ജോപോൾ അഞ്ചേരി, യു. ഷറഫലി, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, കെ.എം.സി.സി പ്രസിഡൻറ് നസീർ ബി. മാട്ടൂൽ, ജനറൽ സെക്രട്ടറി ഷുക്കൂർ അലി കല്ലുങ്ങൽ, സംസ്ഥാന ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, ട്രഷറർ സി. സമീർ, അഹല്യ ഹോസ്പിറ്റൽ പ്രതിനിധി സൂരജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
