ജൈവ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണം - സലിംകുമാര്‍
text_fieldsദുബൈ: ജൈവകൃഷിക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനമില്ലാത്തത് കര്‍ഷകരെ പ്രയാസത്തിലാക്കുന്നതായി നടന്‍ സലിംകുമാര്‍. ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാന്‍ കൂടി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയിലെ ‘വയലും വീടും’ ഫേസ്ബുക് കൂട്ടായ്മയുടെ വെള്ളിയാഴ്ച നടക്കുന്ന കാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വഴി വളരെയധികം പേര്‍ ജൈവകൃഷിയിലേക്ക് കടന്നുവരുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം സ്വന്തം വളപ്പില്‍ തന്നെ ഉല്‍പാദിപ്പിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ കോടാലിയില്‍ ഓണക്കാലത്ത് ഉല്‍പാദിപ്പിച്ച കിലോ കണക്കിന് പച്ചക്കറി വിപണിയിലത്തെിക്കാന്‍ കഴിയാത്തതിനാല്‍ നശിച്ച അവസ്ഥയുണ്ടായി. വിഷം അടിച്ച പച്ചക്കറി തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വരുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. അതാതിടത്തെ കൃഷിഭവനുകള്‍ വഴി പച്ചക്കറി വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയാല്‍ കര്‍ഷകര്‍ക്ക് ഏറെ സഹായമാകും. ആരും പിന്തുണക്കാനില്ലാതെ നിരാശയിലാണ്ട കര്‍ഷകര്‍ രംഗത്തുനിന്ന് പിന്മാറുന്ന സാഹചര്യമാണുള്ളത്. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്സിഡി അര്‍ഹരുടെ കൈകളില്‍ എത്തുന്നില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊക്കാളി കൃഷിയുടെ പ്രചാരണത്തിനായി സ്വന്തം കൈയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡോക്യുമെന്‍ററി നിര്‍മിച്ചിരുന്നു. കൂടുതല്‍ പേര്‍ ഇതിനെക്കുറിച്ച് അറിയട്ടെയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന അവാര്‍ഡിനായി ചലച്ചിത്ര അക്കാദമിക്ക് സമര്‍പ്പിച്ചു. ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരുന്ന ചിത്രം അക്കാദമിയുടെ ആവശ്യപ്രകാരം ഒരുലക്ഷം കൂടി ചെലവിട്ട് ഫിലിം ഫോര്‍മാറ്റിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ജൂറി അംഗത്തോട് അന്വേഷിച്ചപ്പോള്‍ ഡോക്യുമെന്‍ററി അവാര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പോലുമില്ളെന്നാണ് അറിയാന്‍ കഴിഞ്ഞത്. വന്‍ ചതിയാണ് അക്കാദമി തന്നോട് ചെയ്തത്. ഇതിനെതിരെ കേസിന് പോയപ്പോള്‍ അവാര്‍ഡ് കിട്ടാത്തതിന് കോടതിയെ സമീപിച്ചുവെന്ന പ്രചാരണമാണ് നടന്നത്. ഡോക്യുമെന്‍ററി അവാര്‍ഡ് വാങ്ങിയയാള്‍ക്ക് പ്രയാസമാകേണ്ടെന്ന് കരുതി ഒടുവില്‍ താന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. പെട്ടെന്ന് പണക്കാരനാകാന്‍ വാനില, എമു കൃഷിക്ക് പിന്നാലെ പോയി കബളിപ്പിക്കപ്പെട്ടവരാണ് മലയാളികള്‍. ജൈവ പച്ചക്കറി തിരിച്ചറിയാന്‍ അവയുമായി ഇടപഴകല്‍ നിര്‍ബന്ധമാണ്. മമ്മൂട്ടിയെപ്പോലെ വെളുത്തുതുടുത്ത പച്ചക്കറികളാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. സലിംകുമാറിനെപ്പോലുള്ളവയെ ആര്‍ക്കും വേണ്ട. കോണ്‍ഗ്രസുകാരനായ താന്‍ സി.പി.എം നടത്തുന്ന ജൈവകൃഷിയുടെ പ്രചാരകനായി പത്തോളം സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. നല്ലകാര്യത്തെ പിന്തുണക്കുന്നതില്‍ രാഷ്ട്രീയം നോക്കാറില്ളെന്നും അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയത് 15 തവണയെങ്കിലും മാധ്യമങ്ങള്‍ ‘കൊന്ന’ താന്‍ മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. ‘കറുത്ത ജൂതന്‍’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. നാദിര്‍ഷയുടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, മമ്മൂട്ടി നായകനായ ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയില്‍ മികച്ച വേഷങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വയലും വീടും’ ഫേസ്ബുക് കൂട്ടായ്മയുടെ കാര്‍ഷികോത്സവം വെള്ളിയാഴ്ച രാവിലെ 10 മുതലാണ് അല്‍ഖൂസ് അല്‍ഖൈല്‍ മാളിന് സമീപമുള്ള ആംലെഡ് സ്കൂളില്‍ നടക്കുക. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സലിംകുമാര്‍ മുഖ്യാതിഥിയായിരിക്കും. പരിസ്ഥിതി സന്ദേശ പ്രചാരകനായ സ്വാമി സംവിധാനന്ദ്, ഗോപു കൊടുങ്ങല്ലൂര്‍, വിനോദ് നമ്പ്യാര്‍, ബഷീര്‍ തിക്കോടി എന്നിവര്‍ സംസാരിക്കും. സൗജന്യ വിത്ത് വിതരണം, ജൈവ വള- ജൈവ കീടനാശിനി വിതരണം എന്നിവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ബഷീര്‍ തിക്കോടി, രാജി ശ്യാംസുന്ദര്‍, അബ്ദുല്‍ സലാം, പ്രവീണ്‍, ഷാജി എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0558271543
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
