ഞായറാഴ്ച മുതല്‍ സൗജന്യ എം.എം.ആര്‍ വാക്സിന്‍ കുത്തിവെപ്പ്
text_fieldsഅബൂദബി: അബൂദബിയിലെ താമസക്കാര്‍ക്ക് അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് (എം.എം.ആര്‍ വാക്സിന്‍) ഞായറാഴ്ച മുതല്‍ നല്‍കും. 19 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ക്കാണ് സൗജന്യമായി കുത്തിവെപ്പ് നല്‍കുന്നത്. അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങള്‍ പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിദേശമനുസരിച്ചാണ് അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) കുത്തിവെപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന് യു.എ.ഇ ആരോഗ്യ മന്ത്രാലയവും ദുബൈ ആരോഗ്യ അതോറിറ്റിയും പിന്തുണ നല്‍കും.പ്രവാസി തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനാ കേന്ദ്രങ്ങള്‍, താമസയിടങ്ങള്‍, സര്‍വകലാശാലകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ കുത്തിവെപ്പ് ലഭ്യമാക്കും. ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആരോഗ്യ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം.
19 മുതല്‍ 34 വയസ്സ് വരെയുള്ള സ്വദേശികള്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവെപ്പുകളോട് അലര്‍ജിയുള്ളവര്‍, അര്‍ബുദം, എയ്ഡ്സ് അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് 12, 18 മാസം പ്രായമാകുമ്പോള്‍ രണ്ട് ഡോസ് വീതം എം.എം.ആര്‍ വാക്സിന്‍ പതിവായി നല്‍കുന്നുണ്ടെന്ന് മദീനത് മുഹമ്മദ് ബിന്‍ സായിദ് ആരോഗ്യകേന്ദ്രത്തിലെ ഡോ. ഇമാദ് സല്‍മാന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് ഈ രോഗങ്ങള്‍ പിടിപെട്ടാല്‍ കുട്ടികളുടേതിനേക്കാള്‍ സങ്കീര്‍ണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.