ദുബൈ ജീപ്പാസ് ടവറിന് ഗിന്നസ് ലോക റെക്കോഡ്
text_fieldsദുബൈ: വെസ്റ്റേണ്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ് ദുബൈ അര്‍ജാന്‍ അല്‍ ബര്‍ഷയില്‍ നിര്‍മിക്കുന്ന ജീപ്പാസ് ടവറിന് ഗിന്നസ് ലോക റെക്കോഡ്. ഏറ്റവും കൂടിയ വിസ്തൃതിയില്‍ തുടര്‍ച്ചയായും വേഗത്തിലും കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയാണ് ജീപ്പാസ് ടവര്‍ ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്. ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിങ്, യൂണിബെറ്റോണ്‍ റെഡിമിക്സ്, ചാവ്ല ആര്‍കിടെക്ചറല്‍ ആന്‍ഡ് കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് എന്നിവയുമായി സഹകരിച്ചാണ് സെപ്റ്റംബര്‍ ഒമ്പതിന് ജീപ്പാസ് ടവര്‍ ചരിത്ര നേട്ടം കൈവരിച്ചതെന്ന് സാരഥികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
19,793 ക്യുബിക് മീറ്ററില്‍ 42 മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയതിനാണ് കെട്ടിടത്തിന് അംഗീകാരം. വിവിധ ഷിഫ്റ്റുകളിലായി 600ലധികം വിദഗ്ധ തൊഴിലാളികള്‍ ഇടവേളകളില്ലാതെ ജോലിയെടുത്തു. യുണിബെറ്റോണ്‍ റെഡിമിക്സ് പദ്ധതിക്കാവശ്യമായ കോണ്‍ക്രീറ്റ് വിതരണം ചെയ്തു. 300 ട്രാന്‍സിറ്റ് മിക്സറുകളുപയോഗിച്ച് മൂന്ന് പ്ളാന്‍റുകളില്‍ നിന്നായി 2500 ലധികം ട്രിപ്പുകളിലൂടെ നിര്‍മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ് യുണിബെറ്റോണ്‍ റെഡിമിക്സ് എത്തിച്ചുനല്‍കി. 14 ഭീമന്‍ പമ്പുകള്‍ കോണ്‍ക്രീറ്റ് പകരാന്‍ ഉപയോഗപ്പെടുത്തി. സാങ്കേതിക തകരാറുണ്ടായാല്‍ ഉപയോഗിക്കാനായി അഞ്ച് കോണ്‍ക്രീറ്റ് പമ്പുകളും പദ്ധതി പ്രദേശത്ത് കരുതിയിരുന്നു. 3000 ടണ്‍ സ്റ്റീല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചപ്പോള്‍ 1,50,000 മണിക്കൂറിന്‍െറ മനുഷ്യാധ്വാനം കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റിങ്ങിനായി ചെലവഴിച്ചു. 1100 കോടി രൂപയുടെ നിര്‍മാണ കരാറിലൂടെയാണ് ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുളള ആര്‍.പി ഗ്രൂപ്പിന് കീഴിലെ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിങ് കമ്പനി ജീപ്പാസ് ടവര്‍ നിര്‍മിക്കുന്നത്.
684 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളാണ് ജീപ്പാസ് ടവറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാവിധ സംവിധാനങ്ങളുമുള്ള ജിംനേഷ്യം, ഹെല്‍ത്ത് ക്ളബ്, സ്വിമ്മിങ് പൂള്‍, 730 വാഹനങ്ങള്‍ക്കാവശ്യമായ പാര്‍ക്കിങ് സ്പേസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് നിലകളിലായാണ് ബേസ്മെന്‍റ് പാര്‍ക്കിങ്. വെല്‍ക്കം ലോബിയുള്‍ക്കൊള്ളുന്നതാണ് ഗ്രൗണ്ട് ഫ്ളോര്‍. 40,000 ചതുരശ്ര അടി റീട്ടെയില്‍ സ്പേസും 19 നിലകളിലായി റെസിഡന്‍ഷ്യല്‍ സ്പേസും ജീപ്പാസ് ടവറില്‍ ഉണ്ടാകും. അത്യാകര്‍ഷകമായ രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ജീപ്പാസ് ടവര്‍ 2018 മാര്‍ച്ചോടെ പൂര്‍ണരീതിയില്‍ സജ്ജമാകുമെന്ന് സാരഥികള്‍ അറിയിച്ചു.
1983ല്‍ സ്ഥാപിതമായ വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ് 90 രാജ്യങ്ങളിലായി വിവിധ വാണിജ്യ- വ്യാപാര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പിന് കീഴില്‍ 11,000 ജീവനക്കാര്‍ ജോലിയെടുക്കുന്നു. വിവിധ മുന്‍നിര ബ്രാന്‍ഡുകളുടെ ഉടമസ്ഥതയും മേല്‍നോട്ടവും കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിന് ജി.സി.സി, സൗത്ത് ഏഷ്യ, ആഫ്രിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നീ മേഖലകളില്‍ ശക്തമായ സാന്നിധ്യമാണുളളത്. ജീപ്പാസ്, നെസ്റ്റോ, റോയല്‍ഫോര്‍ഡ്, യങ് ലൈഫ്, ക്ളാര്‍ക്ക്ഫോര്‍ഡ്, പാരാജോണ്‍, ബേബി പ്ളസ്, ഒള്‍സെന്‍മാര്‍ക്ക്, ബ്രാന്‍ഡ് സോണ്‍, കെന്‍ജാര്‍ഡിന്‍, ഷൂപോയിന്‍റ് എന്നീ ബ്രാന്‍ഡുകള്‍ ഗ്രൂപ്പിന് കീഴിലുളളതാണ്. ഗ്രൂപ്പിന്‍െറ ഫ്ളാഗ്ഷിപ് ബ്രാന്‍ഡായ ജീപ്പാസ് 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ ബ്രാന്‍ഡ് അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വെസ്റ്റേണ്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ് ഡയറക്ടര്‍ കെ.പി. നവാസ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.എന്‍. നിസാര്‍, യൂണിബെറ്റോണ്‍ റെഡിമിക്സ് യു.എ.ഇ ജനറല്‍ മാനേജര്‍ ഡേവിഡ് ഗാന്‍ഗെല്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് അയ്മന്‍ ബുസ്താമി, ചാവ്ല ആര്‍കിടെക്ചറല്‍ ആന്‍ഡ് കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ നിരഞ്ജന്‍ അമര്‍, പ്രൊജക്റ്റ്സ് ഡയറക്ടര്‍ സുപ്രഭാസ് ബാലഭദ്രന്‍, ആര്‍.പി. ഗ്രൂപ് ജനറല്‍ മാനേജര്‍ വിനോദ് ഗോപിനാഥന്‍ പിള്ള, ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്റ്റിങ് പ്രൊജക്റ്റ്സ് മാനേജര്‍ ശ്രീകാന്ത് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
