‘പുറത്തൂര്‍ എന്‍െറ ഗ്രാമം’ കുടുംബസംഗമം നടത്തി
text_fieldsദുബൈ: തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ പ്രദേശത്തെ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘പുറത്തൂര്‍ എന്‍െറ ഗ്രാമം’ വാട്സ്ആപ് കൂട്ടായ്മയുടെ കുടുംബസംഗമം പ്രവാസ ലോകത്തെ നാട്ടുകാരുടെ ഒത്തുകൂടലായി. റാസല്‍ഖൈമയില്‍ നടന്ന സംഗമത്തില്‍ 100ല്‍ പരം പുറത്തൂര്‍ നിവാസികള്‍ പങ്കെടുത്തു.
പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനാരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധ ചെലുത്തുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കുടുംബസംഗമം തീരുമാനിച്ചു. ആരോഗ്യ രംഗത്തെ പ്രാഥമിക ഘട്ടമെന്നോണം ഈ ഭാഗങ്ങളിലെ മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ച് ആരോഗ്യ സര്‍വേ നടത്തും. ഈ രംഗത്ത് മികച്ചു നില്‍ക്കുന്ന സര്‍ക്കാര്‍- സ്വകാര്യ ഏജന്‍സികളുടെ സഹകരണവും ഉറപ്പാക്കും. മാരക അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങളെ ദത്തെടുക്കാനും തീരുമാനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രചോദനം നല്‍കുന്ന പദ്ധതികളും പ്രദേശത്ത് വരും വര്‍ഷങ്ങളില്‍ നടപ്പാക്കും. പുറത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികളും കൂട്ടായ്മ ഏറ്റെടുക്കുന്ന പദ്ധതി വേഗത്തിലാക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന അംഗന്‍വാടി നവീകരണ പദ്ധതി വഴി വരും തലമുറയുടെ പൊതു പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം കുറ്റമറ്റതാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലപ്പെടുത്താനും തീരുമാനമായി .
കമ്മിറ്റി ചെയര്‍മാനും ഗള്‍ഫ് വ്യവസായിയുമായ സി.പി കുഞ്ഞിമൂസ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. യു.എ ഇ ചാപ്റ്റര്‍ പ്രസിഡന്‍റ് എം. പി റഫീഖ് അധ്യക്ഷത വഹിച്ചു. സലാം പുറത്തൂര്‍, സൈതുട്ടി സഖാഫി, ടി.പി. അബ്ദുല്‍ ഹമീദ്, എം.എച്ച് സുല്‍ത്താന്‍, ശബീര്‍ ചേന്നര തുടങ്ങിയവര്‍ സംസാരിച്ചു. സി.പി. കുഞ്ഞിമൂസയെ രക്ഷാധികാരി എം.എച്ച് നൂഹ് പൊന്നാട അണിയിച്ച് ആദരിച്ചു. ബൈജു പുഞ്ചത്ത് ഉപഹാരം നല്‍കി. പ്രഥമ സംഗമം ക്രോഡീകരിച്ച പുഞ്ചത്ത് വിനോദ്, ബൈജു എന്നിവര്‍ക്കുള്ള ഉപഹാരം കെ.പി. മഷ്ഹൂദ് എന്നിവര്‍ നല്‍കി. മെഗാ റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായ സി.പി. റാഷിദ്, സി.പി. റഷീദ് എന്നിവര്‍ക്ക് ഹസീന മൂസ സമ്മാനദാനം നടത്തി. പി. വിനോദ് സ്വാഗതവും വി.പി. സലാം നന്ദിയും പറഞ്ഞു. കോമഡി ഷോ, ഗാനമേള എന്നിവ അരങ്ങേറി.