Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊബൈല്‍ ആപ് ടാക്സി...

മൊബൈല്‍ ആപ് ടാക്സി സേവനം:  അബൂദബിയില്‍ പുതിയ നിയമം വരുന്നു

text_fields
bookmark_border
മൊബൈല്‍ ആപ് ടാക്സി സേവനം:  അബൂദബിയില്‍ പുതിയ നിയമം വരുന്നു
cancel
അബൂദബി: മൊബൈല്‍ ആപ്ളിക്കേഷനിലൂടെ ടാക്സി സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് അബൂദബിയില്‍ പുതിയ നിയമം ഏര്‍പ്പെടുത്തുന്നു. ഇത്തരം കമ്പനികളുടെ രജിസ്ട്രേഷനും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് നിയമം കൊണ്ടുവരുന്നത്. നിലവില്‍ മൊബൈല്‍ ആപ് ടാക്സി സേവന കമ്പനികളെ നിയന്ത്രിക്കാന്‍ യു.എ.ഇയില്‍ നിയമമില്ല.
പുതിയ നിയമമനുസരിച്ച് മൊബൈല്‍ ആപ് ടാക്സി സേവന കമ്പനികള്‍ക്ക് സ്വകാര്യ ആഢംബര വാഹന വാടക കമ്പനികളുടെ കാറുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാവൂ. വാടക കമ്പനികളുടെ പ്രതിഫല ഘടന കര്‍ശനമായി പാലിക്കണം. മൊബൈല്‍ ആപ് ടാക്സി സേവന കമ്പനികള്‍ ഉപയോഗപ്പെടുത്തുന്ന കാറുകളുടെയും ഡ്രൈവര്‍മാരുടെയും പട്ടിക ഗതാഗത നിയന്ത്രണ കേന്ദ്രത്തിന് (ട്രാന്‍സാഡ്) അയച്ചുകൊടുക്കുകയും വേണം. ട്രാന്‍സ് ആഡില്‍ ഇത്തരം ആപ്ളിക്കേഷനുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഉള്‍പ്പെടുന്നതായിരിക്കും പുതിയ നിയമമെന്ന് ട്രാന്‍സാഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് ദര്‍വീഷ് ആല്‍ ഖംസി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  പുതിയ നിയമം ഉടന്‍ പ്രാബല്യത്തിലാവും. നിയമവിധേയമല്ലാത്ത ഏതെങ്കിലും ആപ്ളിക്കേഷനുകളെ വിലക്കാനും ടാക്സി വ്യവസായത്തെ പ്രയാസമില്ലാതെ നിയന്ത്രിക്കാനും ഇതു വഴി സാധിക്കും. തെറ്റായ പ്രവര്‍ത്തനരീതികളും കള്ളടാക്സികളും നിയന്ത്രിക്കുന്നതിന് വേണ്ടി അബൂദബി എമിറേറ്റ് ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് യൂബര്‍, കാറീം കമ്പനികള്‍ ടാക്സി സേവനം നല്‍കുന്നത് വിലക്കിയത്. നിരവധി ഡ്രൈവര്‍മാര്‍ പാര്‍ട്ട് ടൈം ആയി വാടകക്ക് വാഹനം ഓടിക്കുകയും ഉപഭോക്താക്കളില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്.
ഏഴ് ടാക്സി കമ്പനി ശാഖകളുടെ രജിസ്റ്റര്‍ ചെയ്ത 7,645 കാറുകളുമായാണ് ട്രാന്‍സാഡ് അബൂദബിയില്‍ പ്രവര്‍ത്തിക്കുന്നത്. ആപ്ളിക്കേഷന്‍ സേവനങ്ങള്‍ക്ക് ട്രാന്‍സാഡ് എതിരല്ല. ജനങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. പക്ഷേ, കാറുകളുടെ സുരക്ഷയും ഡ്രൈവര്‍മാരുടെ നിയമസാധുതയും ഞങ്ങള്‍ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നതെന്നും മുഹമ്മദ് ദര്‍വീഷ് ആല്‍ ഖംസി പറഞ്ഞു.
ആഗസ്റ്റ് 27ന് ഉച്ചക്ക് ശേഷമാണ് യൂബര്‍, കാറീം കമ്പനികള്‍ അബൂദബിയില്‍ പൊടുന്നനെ സേവനം നിര്‍ത്തിവെച്ചിരുന്നത്. കാറീം ആഗസ്റ്റ് 31ന് സേവനം പുനരാരംഭിച്ചെങ്കിലും യൂബര്‍ ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സേവനം നിര്‍ത്തിവെക്കാനുണ്ടായ കാരണമോ പുനരാരംഭിക്കുന്ന തീയതിയോ വ്യക്തമാക്കാതെയായിരുന്നു കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. താല്‍ക്കാലികമായി മാത്രമാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് മാത്രമാണ് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നത്.
2013 മാര്‍ച്ചിലാണ് കാറീം അബൂദബിയില്‍ സേവനം തുടങ്ങിയത്. ആറ് മാസത്തിന് ശേഷം യൂബറും പ്രവര്‍ത്തനമാരംഭിച്ചു. ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇത്തരം കമ്പനികള്‍ക്കുണ്ടായത്. മിഡലീസ്റ്റിലും വടക്കേ അമേരിക്കയിലും അതിവേഗ വളര്‍ച്ചയാണുണ്ടായതെന്നും ഈ മേഖലകളില്‍ 25 കോടി ഡോളര്‍ നിക്ഷേപിച്ച് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും യൂബര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.   
എന്നാല്‍, വിവിധ രാജ്യങ്ങളില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതോടെ ഇത്തരം കമ്പനികള്‍ വെല്ലുവിളി നേരിടുന്നുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ മൊബൈല്‍ ആപ് ടാക്സി സേവനവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ മസാച്ചുസെറ്റ്സില്‍ പരമ്പരാഗത ടാക്സി കമ്പനികളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ കാര്‍ കമ്പനികളില്‍നിന്ന് ഓരോ യാത്രക്കും അഞ്ച് സെന്‍റ് വീതം പണം ഈടാക്കുന്നുണ്ട്. സുരക്ഷ ഉറപ്പുവരുത്താന്‍ യൂബര്‍, കാറീം കമ്പനികള്‍ക്ക് ചില ചട്ടങ്ങള്‍ ബാധകമാക്കുമെന്ന് ജൂണില്‍ ദുബൈ ഗതാഗത അധികൃതരും വ്യക്തമാക്കിയിരുന്നു.
Show Full Article
TAGS:uae mobile app taxi
Next Story