Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഈദ് ഇന്‍ ദുബൈ’ ഇന്ന്...

‘ഈദ് ഇന്‍ ദുബൈ’ ഇന്ന് മുതല്‍ 

text_fields
bookmark_border
‘ഈദ് ഇന്‍ ദുബൈ’ ഇന്ന് മുതല്‍ 
cancel
ദുബൈ: ബലിപെരുന്നാള്‍ ആഘോഷത്തിന് ദുബൈ ഒരുങ്ങി. ടൂറിസം വകുപ്പിന്‍െറ പെരുന്നാള്‍ ആഘോഷമായ ‘ഈദ് ഇന്‍ ദുബൈ’ക്ക് വ്യാഴാഴ്ച തുടക്കമാകും. മാളുകള്‍ കേന്ദ്രീകരിച്ച് വിവിധ വിനോദപരിപാടികളും കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്. 15 ലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 
സെപ്റ്റംബര്‍ 17 വരെ 10 ദിവസം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അറബി ഗായകരായ റബീഹ് സാഖിര്‍, ശമ്മ ഹംദാന്‍, മുഹമ്മദ് അബ്ദു എന്നിവരുടെ സംഗീത പരിപാടി 13, 16 തിയതികളില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കും. പാക് സൂഫി ഗായകന്‍ ഉസ്താദ് റാഹത് ഫത്തേഹ് അലി ഖാന്‍ 16ന് ശൈഖ് റാശിദ് ഹാളില്‍ പാടും. മാളുകളില്‍ 200 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിങ് നടത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാനങ്ങള്‍ നല്‍കും. 11 മുതല്‍ 16 വരെ രാത്രി 8.30ന് ജുമൈറ ബീച്ച് റെഡിഡന്‍സിലെ ‘ദി ബീച്ചി’ല്‍ കരിമരുന്ന് പ്രയോഗം നടക്കും.  ഇതിന് പുറമെ മാളുകളില്‍ വ്യത്യസ്തങ്ങളായ കലാ- സാംസ്കാരിക പരിപാടികളുമുണ്ടാകും.
എമിറേറ്റ്സ് പ്രതീക്ഷിക്കുന്നത് 2.5 ലക്ഷം യാത്രക്കാരെ
ദുബൈ: പെരുന്നാള്‍ അവധിക്കാലത്ത് 2.5 ലക്ഷം യാത്രക്കാരെയാണ് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യാഴം മുതല്‍ ശനി വരെ 1.6 ലക്ഷം പേര്‍ എമിറേറ്റ്സിന്‍െറ ടെര്‍മിനല്‍ മൂന്നിലൂടെ കടന്നുപോകും. വെള്ളിയാഴ്ച മാത്രം 90,000 പേരാണ് യാത്രക്കൊരുങ്ങുന്നത്. 11, 12 തിയതികളിലും തിരക്കുണ്ടാകും. കറാച്ചി, മുംബൈ, ലണ്ടന്‍, അമ്മാന്‍, ബെയ്റൂത്ത് എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത്. തിരക്ക് പരിഗണിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈന്‍ ചെക്ഇന്‍ ചെയ്യാം. യാത്രക്കാര്‍ 60 മിനിറ്റ് മുമ്പെങ്കിലും വിമാനത്താവളത്തിലത്തെണം. 
ചില്‍ഡ്രന്‍സ്  സിറ്റിയില്‍ പെരുന്നാള്‍ പരിപാടികള്‍
ദുബൈ: ചില്‍ഡ്രന്‍സ് സിറ്റിയില്‍ പെരുന്നാള്‍ ദിനങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. എല്ലാദിവസവും വൈകിട്ട് മൂന്ന് മുതല്‍ 3.30 വരെ അതിഥികളെ സ്വീകരിക്കും. തുടര്‍ന്ന് നാല് വരെ അജ്യാല്‍ തിയറ്ററില്‍ വെല്‍ക്കം ഷോ. നാല് മുതല്‍ 4.30 വരെ മാജിക്കല്‍ ഹെര്‍നാന്‍ ഷോ നടക്കും. പിന്നീട് ഗോള്‍ഫ് കാര്‍ ജഗ്ളിങ് ഷോ, സിങ്കിള്‍ വീല്‍ ബൈക് ഷോ, തമാശ പരിപാടികള്‍ എന്നിവയുമുണ്ടാകും. ഏഴുമണി വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംവിധാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  
ഭക്ഷ്യസുരക്ഷാ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും
ദുബൈ: പെരുന്നാള്‍ ദിനങ്ങളില്‍ ദുബൈ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. മോശം ഭക്ഷണം വിളമ്പുന്നതിലൂടെയുണ്ടാകാവുന്ന ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തും. ഭക്ഷ്യവസ്തുക്കള്‍ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 800900 എന്ന നമ്പറില്‍ അറിയിക്കാം. 
ഷാര്‍ജയിലെ ഉദ്യാനങ്ങളും തയാര്‍
ഷാര്‍ജ: പെരുന്നാള്‍ അവധി ആഘോഷിക്കുന്നവരെ സ്വീകരിക്കാന്‍ ഷാര്‍ജയിലെ ഉദ്യാനങ്ങളും അണിഞ്ഞൊരുങ്ങി. അറ്റകുറ്റപണികള്‍ നടത്തിയാണ് പെരുന്നാളിനെ വരവേല്‍ക്കാന്‍ ഉദ്യാനങ്ങള്‍ കാത്തുനില്‍ക്കുന്നത്. പൊതുഉദ്യാനങ്ങള്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് പെരുന്നാള്‍ ദിനങ്ങളില്‍ പ്രവര്‍ത്തിക്കുക. 
എന്നാല്‍ ഷാര്‍ജ ദേശീയ ഉദ്യാനം, റോള ഉദ്യാനം എന്നിവ രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:-
Next Story