യു.എ.ഇ ദേശീയ ബഹിരാകാശ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsഅബൂദബി: ബഹിരാകാശ മേഖലയില്‍ വികസനം സാധ്യമാക്കുകയെന്ന ദേശീയ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഹിരാകാശ മേഖലയുടെ വികസനത്തില്‍ ഏറെ പ്രധാനമായ നയരൂപവത്കരണം അംഗീകരിച്ചത്. യു.എ.ഇ വിഷന്‍ 2021ന്‍െറ ഭാഗമായ ദേശീയ അജണ്ടയുടെ ചട്ടക്കൂടില്‍ എല്ലാ മേഖലകളിലും വികസനം സാധ്യമാക്കുകയെന്നതിനുള്ള പ്രാഥമിക ഉദ്യമമാണ് ബഹിരാകാശ നയം. സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിന് അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തങ്ങളില്‍നിന്ന് നേട്ടം കൈവരിക്കുന്നതിന് ബഹുമുഖമായ പുതു മാതൃകകള്‍ സ്വീകരിക്കുന്നതിനാണ് യു.എ.ഇ പ്രവര്‍ത്തിച്ചുവരുന്നത്്
അന്താരാഷ്ട്ര ബഹിരാകാശ പര്യവേക്ഷണ സമൂഹത്തില്‍ കൈകോര്‍ക്കുക മാത്രമല്ല, രാജ്യത്തിന്‍െറ സുവര്‍ണ ജൂബിലി വര്‍ഷമായ 2021ഓടെ ബഹിരാകാശ രംഗത്ത് മുദ്ര പതിപ്പിച്ചവരുമായി മത്സരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് യു.എ.ഇയുടെ കുതിപ്പെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. രാഷ്ട്രം കെട്ടിപ്പടുത്ത മുന്‍ഗാമികളുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് യു.എ.ഇയുടെ ഈ രംഗത്തെ അഭിലാഷങ്ങള്‍. നമുക്ക് ശക്തമായ സമ്പദ് വ്യവസ്ഥയും സുദൃഢമായ അടിസ്ഥാന സൗകര്യങ്ങളും ദേശീയ കാര്യക്ഷമതയും സുവര്‍ണജൂബിലിയോടെ ബഹിരാകാശ മത്സരത്തിന് നമ്മെ പ്രാപ്മാക്കുന്ന മറ്റു നേട്ടങ്ങളുമുണ്ട്. 1976ല്‍ നാസയില്‍നിന്നുള്ള പ്രതിനിധി സംഘത്തിന് ആതിഥ്യമരുളിയ രാഷ്ട്രപിതാവിന്‍െറ ദീര്‍ഘദൃഷ്ടി അവിശ്വസനീയമാണ്. അറബ് അഭിലാഷങ്ങള്‍ക്ക് പരിധികള്‍ അറിയില്ളെന്ന സന്ദേശം യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും ജനങ്ങള്‍ക്കും ലോകത്തിനൊന്നാകെയും നല്‍കുകയായിരുന്നു അദ്ദേഹം.
ജ്യോതിശ്ശാസ്ത്രം, ജലഗതാഗതം, വ്യോമയാനം എന്നിവയില്‍ മുന്‍ഗാമികള്‍ക്കുള്ള അറിവിലേക്ക് യു.എ.ഇക്ക് വേണ്ടി മാര്‍ഗരേഖ വരക്കുക കൂടിയാണ് അദ്ദേഹം ഇതിലൂടെ ചെയ്തത്.
നിലവില്‍ യു.എ.ഇ ആറിലധികം കൃത്രിമോപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ബഹിരാകാശ സാങ്കേതികവിദ്യയില്‍ 2000 കോടി ദിര്‍ഹത്തിലധികം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അഭിലാഷങ്ങള്‍ പരിധിയില്ലാത്തതാണ്. അവ യാഥാര്‍ഥ്യമാക്കുന്നതിന് അക്ഷീണമായി നാം പ്രവര്‍ത്തിക്കും. മേഖലയിലെ ഏറ്റവും വലിയ ബഹിരാകാശ യാത്രാ ഉദ്യമങ്ങള്‍ നമുക്കുണ്ട്. അന്താരാഷ്ട്ര തലത്തിലെ വലിയ കമ്പനികള്‍ കൃത്രിമോപഗ്രഹ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നിയമപരവും ഭരണപരവുമായ അനുകൂല സാഹചര്യവും വ്യത്യസ്ത തരം ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം നമ്മുടെ ജനങ്ങളുടെയും ലോകത്തിന്‍െറയും ക്ഷേമമാണ് ലക്ഷ്യമാക്കുന്നത്.
വികസന പ്രക്രിയയില്‍ ഉല്‍പ്രേരകമായി വര്‍ത്തിക്കുന്ന ബഹിരാകാശ മേഖലയുടെ പ്രാധാന്യത്തിനാണ് ദേശീയ ബഹിരാകാശ നയം അടിവരയിടുന്നത്. യു.എ.ഇ സര്‍ക്കാറിന്‍െറ സമീപനം, മുന്‍ഗണനകള്‍, ഈ മേഖലയില്‍ യു.എ.ഇയുടെ താല്‍പര്യങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള വഴികള്‍ എന്നിവയെല്ലാം നയം അവതരിപ്പിക്കുന്നു.
അരാഷ്ട്ര സഹകരണം ഉള്‍പ്പെടെ രാജ്യത്തിന്‍െറ പ്രധാനപ്പെട്ട വിവിധ മേഖലകളില്‍ നേരിട്ടും നേരിട്ടല്ലാതെയുമുള്ള ഫലങ്ങള്‍ നയം ഉളവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തികകോണിലൂടെ നോക്കുമ്പോള്‍ യു.എ.ഇയുടെ പ്രകൃതിവിഭവങ്ങളുടെ പര്യവേക്ഷണവും കൈകാര്യ കര്‍തൃത്വവും പ്രോത്സാഹിപ്പിക്കപ്പെടുകയും അതിവൈദഗ്ധ്യ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്നതിനു പുറമെ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്ത് ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനവും വൈവിധ്യവത്കരണവും സാധ്യമാക്കുന്നതിന് കഴിയുന്ന തരത്തില്‍ ബഹിരാകാശ മേഖലയുടെ സംഭാവനയെ ശാക്തീകരിക്കും. പരിസ്ഥിതിക്കും ഏറെ ഗുണം ലഭിക്കുന്നതാണ് ദേശീയ ബഹിരാകാശ നയം. കാലാവസ്ഥാ നിരീക്ഷണ രംഗത്ത് രാഷ്ട്രത്തിന്‍െറ പ്രാപ്തിയെ അധികരിപ്പിക്കുകയും ആഗോള വിിവര കൈമാറ്റം വിപുലപ്പെടുത്തുകയും ചെയ്യും. സാമൂഹിക, സാങ്കേതിക വിദ്യ രംഗങ്ങളിലും നയം ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
അബൂദബിയില്‍ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.